റോബോഫാല്‍ക്കണ്‍ എന്ന പറക്കും റോബോട്ടി?ന്റ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തിറക്കി ശാസ്ത്രജ്ഞര്‍. 2021-ല്‍ ചൈനയില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് റോബോഫാല്‍ക്കണ്‍ എന്ന പറക്കും റോബോട്ടിനെ ആദ്യമായി വികസിപ്പിച്ചെടുത്തത്. പറക്കാന്‍ കഴിവുള്ള വവ്വാലുകളുടെ ശൈലിയിലുള്ള മോര്‍ഫിംഗ് ചിറകുകള്‍ ഉപയോഗിക്കുന്ന ഒരു ഫ്‌ലാപ്പിംഗ്-വിംഗ് റോബോട്ട് ആയിരുന്നു ഇത്. എന്നാല്‍ മികച്ച വേഗത കാഴ്ചവച്ചെങ്കിലും കുറഞ്ഞ വേഗതയില്‍ പറക്കാനോ സഹായമില്ലാതെ പറന്നുരാനോ അതിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ ഈ പക്ഷി റോബോട്ടിനെ കൂടുതല്‍ മികച്ചതാക്കി വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
റോബോഫാല്‍ക്കണ്‍ 2.0 യെ ആണ് പുതുതായി അവതരിപ്പിച്ചതെന്ന് സയന്‍സ് അഡ്വാന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു. 800 ഗ്രാം ബോഡിയും ചിറകുകളില്‍ പുനഃക്രമീകരിക്കാവുന്ന സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന പക്ഷി റോബോട്ട് ആണ് റോബോഫാല്‍ക്കണ്‍ 2.0. ഇതിന്റെ പുതിയ ചിറകുകള്‍ ഫ്‌ലാപ്പിംഗ്, സ്വീപ്പിംഗ്, മടക്കല്‍ തുടങ്ങി പക്ഷി ശൈലിയിലുള്ള പറന്നുയരലിനും വായുവിലെ മികച്ച പിച്ച് ആന്‍ഡ് റോള്‍ മാനേജ്‌മെന്റിനും അനുസൃതമായി പ്രവര്‍ത്തിക്കുന്നു എന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ സങ്കീര്‍ണ്ണമായ ഈ വിംഗ് സിസ്റ്റം സഹായമില്ലാതെ പറന്നുയരാനും കുറഞ്ഞ വേഗതയില്‍ പറക്കലില്‍ തുടരാനും റോബോഫാല്‍ക്കണ്‍ 2.0 നെ അനുവദിക്കുന്നു.
സ്വയം പറന്നുയരാനും സ്ഥിരതയുള്ള കുറഞ്ഞ വേഗതയിലുള്ള പറക്കലും നേടുന്നതിനായി റോബോഫാല്‍ക്കണ്‍ 2.0 പക്ഷി ചിറകുകളുടെ ചലനങ്ങളെ അനുകരിക്കുന്നു എന്ന് സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. മുന്‍കാലങ്ങളിലെ പറക്കുന്ന റോബോട്ടുകളില്‍ ഭൂരിഭാഗവും പ്രാണികളുടേയോ ഹമ്മിംഗ് ബേര്‍ഡുകളുടേയോ പോലെ ലളിതമായ ഏകമാന ചിറകുകളുടെ ചലനങ്ങളെ ആശ്രയിച്ചിരുന്നു. നേരെമറിച്ച് റോബോഫാല്‍ക്കണ്‍ 2.0-ല്‍ പക്ഷികളിലും വവ്വാലുകളിലും കാണപ്പെടുന്ന ത്രിമാന ചലനാത്മകത പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. വിന്‍ഡ് ടണലും സിമുലേഷന്‍ ഫലങ്ങളും സ്ഥിരീകരിച്ചതുപോലെ, സ്വീപ്പിംഗ് ചിറകുകള്‍ ലിഫ്റ്റും പിച്ചിംഗും വര്‍ദ്ധിപ്പിക്കുന്നു.
കുറഞ്ഞ വേഗതയില്‍ സ്ഥിരതയും സ്വയം പറന്നുയരാനുള്ള കഴിവും റോബോഫാല്‍ക്കണ്‍ 2.0 തെളിയിച്ചതായി ഗവേഷകര്‍ പറയുന്നു. എങ്കിലും ഊര്‍ജ്ജ കാര്യക്ഷമതക്കുറവ് ഉള്‍പ്പെടെ ചില പരിമിതികളും ഇതിനുണ്ടെന്നും ഗവേഷകര്‍ പറയുന്നു. പക്ഷികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട റോബോട്ടിക്‌സുമായി മുന്നോട്ട് പോകുന്നതിനും സ്ഥിരതയെയും ഊര്‍ജ്ജത്തിന്റെ കൂടുതല്‍ കാര്യക്ഷമമായ ഉപയോഗത്തെയും കുറിച്ചുള്ള റോബോട്ടിക് ചലനത്തെക്കുറിച്ചുള്ള ഗവേഷണത്തിനായി പുതിയ സമീപനങ്ങളും ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നു.