കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ മുക്കുപണ്ടം പണയം വെച്ച് ആത്മഹത്യാ കുറിപ്പെഴുതി 9 ലക്ഷം രൂപയുമായി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കിപ്പുറം പിടിയില്‍. ചെറുവണ്ണൂര്‍ സ്വദേശി വര്‍ഷയെ ആണ് തൃശ്ശൂരില്‍ നിന്നും മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടികൂടിയത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 226.5 ഗ്രാം വ്യാജ സ്വര്‍ണാഭരങ്ങളാണ് യുവതി പണയം വച്ച് 9 ലക്ഷം രൂപ തട്ടിയത്. സംഭവത്തിന് ശേഷം ആത്മഹത്യ ചെയ്‌തെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാട് വിടുകയായിരുന്നു. വാടക വീട്ടില്‍ ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം അറപ്പുഴ പാലത്തിന് സമീപം സ്‌കൂട്ടര്‍ ഉപേക്ഷിച്ചാണ് യുവതി കടന്നുകളഞ്ഞത്.
പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ സൈബര്‍ സെല്ലുമായി ചേര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ ഇന്റര്‍നെറ്റ് വഴി യുവതി കുടുംബവുമായി സംസാരിക്കാറുണ്ടെന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ തെരച്ചിലിലാണ് തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പ്രതിയെ പിടികൂടുന്നത്.