സംഭാല്‍ (ഉത്തര്‍പ്രദേശ്): യുവ അധ്യാപികയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിഷു തിവാരി (30)യും, ഇയാളെ കുറ്റകൃത്യത്തിലേക്ക് പ്രേരിപ്പിച്ച ജാഹ്നവി (അര്‍ച്ചന) എന്ന യുവതിയുമാണ് പിടിയിലായത്.
സെപ്റ്റംബര്‍ 23-ന് നഖാസ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദെഹ്പ ഗ്രാമത്തിലാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22-കാരിയായ അധ്യാപികയുടെ മുഖത്തേക്ക് സ്‌കൂട്ടറിലെത്തിയ നിഷു ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇരയ്ക്ക് 20 മുതല്‍ 30 ശതമാനം വരെ പൊള്ളലേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ”ഡോ. അര്‍ച്ചന” എന്ന പേരിലുള്ള സ്ത്രീയുടെ പ്രേരണയിലാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്ന് നിഷു പോലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ അന്വേഷണത്തില്‍ ”ഡോ. അര്‍ച്ചന”യും ജാഹ്നവിയും ഒരാളാണെന്നും, വിവാഹിതയും മൂന്ന് മക്കളുടെ അമ്മയുമായ സ്ത്രീ വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് നിഷുവിനെ വഞ്ചിച്ചതാണെന്നും പോലീസ് കണ്ടെത്തി.
പ്രതികളായ നിഷു തിവാരിയെയും ജാഹ്നവിയെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് സൂപ്രണ്ട് കൃഷ്ണ കുമാര്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബന്ധങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.