തിരുവനന്തപുരം: കനത്ത മഴ കാരണം റണ്‍വേ വ്യക്തമല്ലാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. ഇത് യാത്രക്കാരെ ഒരു മണിക്കൂറോളം ആശങ്കയിലാക്കി. കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 5.45-ന് എത്തേണ്ട കുവൈത്ത് എയര്‍വേയ്സ് വിമാനമാണ് കാലാവസ്ഥാ വ്യതിയാനം മൂലം വൈകിയെത്തിയത്. രാവിലെ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും റണ്‍വേ കാണാന്‍ കഴിയാത്തതിനാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശപ്രകാരം വിമാനം ഒരു മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ഈ അപ്രതീക്ഷിത മഴയാണ് വിമാനത്തിന്റെ ലാന്‍ഡിങ് വൈകിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ കാലാവസ്ഥ അനുകൂലമായതോടെ വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. ഇതോടെ യാത്രക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആശ്വാസമായി.