26 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് പണയം വെച്ച് ജീവനക്കാരി മുങ്ങി

കൊട്ടാരക്കര: ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച് ജീവനക്കാരി 26 ലക്ഷം രൂപയുമായി മുങ്ങി. കൊട്ടാരക്കര ചെങ്ങമനാട് മണിരത്‌നം ഫിനാന്‍സിലാണ് തട്ടിപ്പ് നടന്നത്. പട്ടാഴി സ്വദേശിനിയായ ആര്യ മോഹനന്‍ (23) എന്ന ജീവനക്കാരിക്കെതിരെ സ്ഥാപന ഉടമ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ആറുമാസം മുന്‍പാണ് ആര്യ ഈ സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. ഓഗസ്റ്റ് 25-നും സെപ്റ്റംബര്‍ 19-നുമായി പല തവണകളായി സ്ഥാപനത്തിന്റെ ലോക്കറില്‍നിന്ന് 26 ലക്ഷം രൂപയുടെ പണയ സ്വര്‍ണാഭരണങ്ങള്‍ എടുത്തശേഷം മറ്റ് സ്വകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച് പണം കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. കൂടുതല്‍ ബിസിനസ്സ് ചെയ്ത് സ്ഥാപന ഉടമയുടെയും സഹപ്രവര്‍ത്തകരുടെയും വിശ്വാസം നേടിയ ശേഷമാണ് ആര്യ തട്ടിപ്പ് നടത്തിയത്. എന്നാല്‍, സ്ഥാപനത്തിലെ ഓഡിറ്റിങ്ങിലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് റീജണല്‍ മാനേജര്‍ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *