സ്വര്‍ണവായ്പ കൂടുന്നു, പണയസ്വര്‍ണം വിറ്റഴിക്കുന്ന സംഘങ്ങള്‍ സജീവം; തട്ടിപ്പുകള്‍ വ്യാപകം

കൊച്ചി: സ്വര്‍ണവില ചരിത്രപരമായ ഉയരങ്ങളില്‍ എത്തിയതോടെ സ്വര്‍ണവായ്പ എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, തിരിച്ചടവ് മുടങ്ങുന്നതോടെ പണയ സ്വര്‍ണം പുതിയൊരു ബിസിനസ് മേഖലയായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) മുന്നറിയിപ്പ് നല്‍കുന്നു.

റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണവായ്പകളില്‍ 122 ശതമാനം വര്‍ധനവുണ്ടായി. സാമ്പത്തിക ഞെരുക്കമുള്ളവര്‍ക്ക് എളുപ്പത്തില്‍ പണം ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് സ്വര്‍ണവായ്പ. എന്നാല്‍, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വര്‍ണം നഷ്ടപ്പെടുന്നു. ഈ അവസ്ഥ മുതലാക്കിയാണ് പണയത്തിലുള്ള സ്വര്‍ണം വാങ്ങി വിറ്റഴിക്കുന്ന സംഘങ്ങള്‍ സജീവമാകുന്നത്. പണയ ബ്രോക്കര്‍മാര്‍ എന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കുകളില്‍ നിന്നോ പണയ സ്ഥാപനങ്ങളില്‍ നിന്നോ കുടിശ്ശിക ഒറ്റത്തവണയായി അടച്ചുതീര്‍ത്ത് ഇവര്‍ സ്വര്‍ണം വാങ്ങുന്നു. പണയപ്പെടുത്തിയവര്‍ക്ക് വായ്പയും പലിശയും തിരിച്ചടയ്ക്കേണ്ട ബാധ്യത ഒഴിവാകും. ഇത്തരത്തില്‍ സ്വര്‍ണം വില്‍ക്കുമ്പോള്‍ നിലവിലെ വിപണിവില കണക്കാക്കിയാണ് പണയം വെച്ചവര്‍ക്ക് ബാക്കി തുക നല്‍കുന്നത്.

തട്ടിപ്പുകള്‍ തിരിച്ചറിയുക

കടമുറികളോ ശരിയായ രേഖകളോ ഇല്ലാത്ത ഇത്തരം സംഘങ്ങള്‍ ഫോണ്‍ നമ്പര്‍ മാത്രമുള്ള പോസ്റ്ററുകള്‍ പതിച്ചാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. പഴയ സ്വര്‍ണം എടുക്കാനും പണയത്തിലുള്ള സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ആളുകളെ വഞ്ചിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തട്ടിപ്പുസംഘങ്ങളും മോഷണസംഘങ്ങളും ഇത്തരത്തിലുള്ള റാക്കറ്റുകള്‍ക്ക് പിന്നിലുണ്ടെന്ന് എകെജിഎസ്എംഎ പറയുന്നു.

കൂടാതെ, സ്വര്‍ണപ്പണയ സ്ഥാപനങ്ങളും സ്വകാര്യ ബാങ്കുകളും സ്വര്‍ണം വാങ്ങുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *