‘ദ കിച്ചന്‍’ ബ്ലാക്ക് സര്‍ക്കിള്‍ എഡിഷന്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ ബിസിനസ് കമ്മ്യൂണിറ്റിയായ ‘ദ കിച്ചന്റെ’ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി എന്നിവയുമായി സഹകരിച്ച് ബ്ലാക്ക് സര്‍ക്കിള്‍ എഡിഷന്‍ സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 25 സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും സംരംഭകരും എച്ച്എന്‍ഐകളും പരിപാടിയില്‍ പങ്കെടുത്തു.

കേരളത്തിലെ പ്രീമിയം നെറ്റ് വര്‍ക്കിംഗ് കമ്മ്യൂണിറ്റികളിലൊന്നായ ‘ദ കിച്ചന്‍’ ആദ്യമായാണ് കേരളത്തില്‍ ബ്ലാക്ക് സര്‍ക്കിള്‍ എഡിഷന്‍ സംഘടിപ്പിച്ചത്. വാട് സ്ആപ്പ് സിറ്റി, ഹെഡ്സ്റ്റാര്‍ട്ട് നെറ്റ് വര്‍ക്ക്, ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍, മറ്റ് എക്കോസിസ്റ്റം പങ്കാളികള്‍ എന്നിവയുടെ സഹകരണവും പരിപാടിയ്ക്കുണ്ടായിരുന്നു.

‘ദ കിച്ചന്‍’ സ്ഥാപകന്‍ സാജു സോമന്‍ , ടിസിസിഐ പ്രസിഡന്റ് എസ്. എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. സ്‌നാപ്പ്‌ഷെയര്‍. എഐ സ്റ്റാര്‍ട്ടപ്പിന്റെ പ്രോഡക്ട് ഷോകേസും പരിപാടിയുടെ ഭാഗമായി നടന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികളും നിക്ഷേപകരും സാംസ്‌കാരിക പ്രവര്‍ത്തകരും നയതന്ത്ര വിദഗ്ധരും പരിപാടിയുടെ ഭാഗമായി. വ്യത്യസ്ത മേഖലകളിലെ സംരംഭകരേയും നയരൂപകര്‍ത്താക്കളേയും നിക്ഷേപകരേയും ഒരുമിച്ച് കൊണ്ടുവരാന്‍ പരിപാടി സഹായകമായി. റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ-പ്ലാന്റേഷന്‍ മേഖലകളിലെ എച്ച്എന്‍ഐ കളുടേയും യുവ സംരംഭകരുടേയും പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

ബ്ലാക്ക് സര്‍ക്കിള്‍ എഡിഷന്റെ ഭാഗമായി നടന്ന ഫൗണ്ടേഴ്‌സ് ടോക്ക് പാനലില്‍ ബിസിനസ് മേഖലയിലെ പ്രമുഖര്‍ സംസാരിച്ചു. സ്‌മോക്കീസ് ഹാംബര്‍ഗര്‍ സഹസ്ഥാപകന്‍ ഡാന്‍ ജേക്കബ്, ജാക്ക് കണ്‍സ്ട്രക്ഷന്‍സ് എംഡി ജാക്ക് ബെന്‍ വിന്‍സെന്റ്, എഡ്യൂക്ക് ക്ഷേത്ര സ്ഥാപകയും സി.ഇ.ഒ.യുമായ റോഷ്‌നി ബിനു, ആള്‍ കേരള ഇ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് അമല്‍ അര്‍ജുന്‍ എന്നിവര്‍ ബിസിനസ് അനുഭവങ്ങള്‍ പങ്കുവെച്ചു.

ലീഡേഴ്‌സ് ടോക്ക് പാനലില്‍ ഡിസൈന്‍, സിനിമ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പ്രഗത്ഭര്‍ പങ്കെടുത്തു. വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ (യുകെ) കണ്‍ട്രി ഹെഡ് ഫിലിപ്പ് തോമസ് ,മലയാള ചലച്ചിത്ര നടി ചിന്നു ചാന്തിനി, വിപ്രോ ടെക്‌നോളജി ഇന്നവേഷന്‍ ലാബ് ഡയറക്ടര്‍ ലക്ഷ്മി എം. കൃഷ്ണന്‍, ഇന്ത്യന്‍ വ്യോമസേന മുന്‍ വിങ് കമാന്‍ഡറും സംരംഭകയുമായ രാഗശ്രീ ഡി. നായര്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിന്റെ മറ്റു നഗരങ്ങളിലേക്കും ബ്ലാക്ക് സര്‍ക്കിള്‍ എഡിഷന്‍ വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *