ഇന്ത്യന്‍ വിപണിയില്‍ കുതിച്ച് ആപ്പിളിന്റെ പുതിയ വേര്‍ഷനായ ഐഫോണ്‍ 17. പ്രോ, പ്രോ മാക്സ് തുടങ്ങിയ വേരിയന്റുകളുടെ വില്‍പ്പന പലയിടങ്ങളിലും ഇപ്പോള്‍ തന്നെ പൂര്‍ത്തിയായിരിക്കുകയാണ്. ഐഫോണ്‍ 17 ന് വേണ്ടി പല സ്റ്റോറുകളുടെയും മുന്നില്‍ അടിപിടി നടന്നതിന്റെ വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വന്നിരുന്നു. വിവോ, ഓപ്പോ, റിയല്‍മി തുടങ്ങിയ ജനകീയ ബ്രാന്‍ഡുകളുടെയല്ലാം വില്‍പ്പനയെ മറികടന്നിരിക്കുകയാണ് ഐഫോണ്‍ 17.
2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഐഫോണിന്റെ വില്‍പ്പന 35% വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐഡിസിയുടെ കണക്കനുസരിച്ച് രാജ്യത്തെ അഞ്ചാമത്തെ സ്മാര്‍ട്ടഫോണ്‍ ബ്രാന്‍ഡായ ആപ്പിളിന്റെ വിപണി വിഹിതം എന്നത് 9.7% ആണ്. 20% വിപണി വിഹിതവുമായി ചൈനീസ് ഫോണായ വിവോ ആണ് ഏറ്റവും മുന്നില്‍. സാംസങ് (14.7%), ഒപ്പോ (12.3%), റിയല്‍മി (10.1%) എന്നിവയാണ് തൊട്ടുപിന്നിലുള്ളവ.
അതേസമയം ഐഫോണ്‍ 17ന്റെ അടിസ്ഥാന വില ഐഫോണ്‍ 16 നെക്കാള്‍ കൂടുതലാണ്. എന്നാല്‍ ഐഫോണ്‍ 17ന്റെ ബേസ് സ്റ്റോറേജ് 256GBയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഐഫോണ്‍ 16ന്റെ ബേസ് സ്റ്റോറേജ് 128GB ആയിരുന്നു. ഇതിന് പുറമെ മറ്റ് നിരവധി സവിശേഷതകളും ആപ്പിള്‍ പുതിയ സീരീസില്‍ ഒരുക്കിയിട്ടുണ്ട്. വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സിസ്റ്റം ഉള്‍ക്കൊള്ളുന്ന ആപ്പിളിന്റെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ എന്ന വിശേഷണത്തോടെയാണ് ഐഫോണ്‍ 17 പ്രോ എത്തിയിരിക്കുന്നത്. 120Hz വരെ പ്രോമോഷനോടുകൂടിയ 6.3 ഇഞ്ച് സൂപ്പര്‍ റെറ്റിന XDR ഡിസ്പ്ലേയാണ് ഐഫോണ്‍ 17 പ്രോയില്‍ ഉള്ളത്, അതേസമയം 17 പ്രോ മാക്സിന് അതേ സ്പെസിഫിക്കേഷന്റെ 6.9 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ആപ്പിള്‍ രൂപകല്‍പ്പന ചെയ്ത പുതിയ കോട്ടിംഗ് അടങ്ങിയിരിക്കുന്ന സെറാമിക് ഷീല്‍ഡ് 2 സ്‌ക്രീനുകള്‍ക്ക് 3 മടങ്ങ് മികച്ച സ്‌ക്രാച്ച് പ്രതിരോധം വാഗ്ദാനം ചെയ്യുന്നുണ്ട്.