ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രം ‘കാന്താര’യുടെ രണ്ടാം പതിപ്പ്, ‘കാന്താര ചാപ്റ്റര്‍ 1’ ആരാധകരിലേക്ക് എത്തുകയാണ്. ജനകീയ വിശ്വാസങ്ങളും, ദൈവിക ആചാരങ്ങളും, നാടന്‍ കലാരൂപങ്ങളും ഒക്കെ ചേര്‍ന്ന് വലിയൊരു സിനിമാറ്റിക് അനുഭവമായി മാറിയ കാന്താരയുടെ കഥയാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റാണ് എത്തിയിരിക്കുന്നത്. കാന്താര ചാപ്റ്റര്‍ 1 സിനിമയുടെ മലയാളം ട്രെയിലര്‍ പൃഥ്വിരാജ് സുകുമാരന്‍ ഔദ്യോഗികമായി പ്രകാശനം ചെയ്യുമെന്ന് നിര്‍മാണക്കമ്പനിയായ ഹോംബലെ ഫിലിംസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ട്രെയിലര്‍ സെപ്റ്റംബര്‍ 22-ന് ഉച്ചയ്ക്ക് 12:45ന് എത്തും. ‘From the land of lores, where stories breathe and legends walk…’ എന്ന വരികളോടെയാണ് പുതിയ ട്രെയിലറിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.
അതേസമയം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, ആത്മീയതയും ഭക്തിയും കലര്‍ത്തിയ ഒരു ലോകമാണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. കാന്താര: ചാപ്റ്റര്‍ 1 ഹോബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ സിനിമാറ്റിക് പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ആകര്‍ഷണം, 2022-ലെ കാന്താരയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന വമ്പിച്ച യുദ്ധരംഗം തന്നെയാണ്. 25 ഏക്കറോളം വിസ്തൃതിയുള്ള പ്രത്യേക ഗ്രാമസജ്ജീകരണത്തിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ദേശീയ-അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെ, 500-ത്തിലധികം പരിശീലനം നേടിയ പോരാളികളും 3,000-ത്തോളം കലാകാരന്മാരും പങ്കെടുത്താണ് 45-50 ദിവസങ്ങളിലായി ഈ രംഗം പകര്‍ത്തിയത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ വമ്പിച്ച യുദ്ധരംഗങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. ചിത്രം ഒക്ടോബര്‍ 2-ന് ലോകമെമ്പാടും റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്.