രാജപുരം : കാസര്‍ഗോഡിനോടുള്ള രാഷ്ട്രീയ നേതൃത്വത്തിന്റ കാലങ്ങളായുള്ള അവഗണനകള്‍ ഉടന്‍ അവസാനിപ്പിച്ച് അതീവ പിന്നോക്കാവസ്ഥയിലുള്ള ജില്ലയായ കാസര്‍ഗോഡിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യവുമായി പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി, കേരള മുഖ്യമന്ത്രി, കേരള ആരോഗ്യ മന്ത്രി, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ക്ക് 10000 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജിയുമായി രാജപുരം കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍.
പ്രിന്‍സിപ്പള്‍ പ്രൊഫസര്‍ ഡോ. ബിജു ജോസഫ് വിദ്യാര്‍ത്ഥികളുടെയും, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരുടെയും, സെക്രട്ടറിമാരുടെയും സാന്നിധ്യത്തില്‍ ഭീമ ഹാര്‍ജി തപാല്‍ മാര്‍ഗ്ഗം അയച്ചു. എന്‍എസ്എസ് വളണ്ടിയര്‍ സെക്രട്ടറിയും കോളേജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയുമായ കൃഷ്‌ണേന്ദു എം പേരിലാണ് ഭീമ ഹര്‍ജി സമര്‍പ്പിച്ചത്.
കാസര്‍ഗോഡിന്റെ പിന്നോക്കാവസ്ഥ സമാനതകളില്ലാത്തതാണെന്ന് വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അര്‍ഹമായതൊന്നും കൃത്യമായി സമയത്ത് ലഭിക്കുന്നില്ല. ദുരിതബാധിതര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഇല്ല.
മള്‍ട്ടി – സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇല്ലാത്ത കേരളത്തിലെ ഏക ജില്ലയാണ് കാസര്‍ഗോഡ്.
സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന എയിംസിന്റെ നിര്‍ദിഷ്ട ജില്ലയായ കോഴിക്കോട് പത്തിലധികം മള്‍ട്ടി -സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഉണ്ട്. കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും പ്രസ്തുത ജില്ലയിലാണ്. എന്നിട്ടും കേരളത്തില്‍ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ജില്ലയായ കാസര്‍ഗോഡിനെ അവഗണിച്ച് കേരളത്തിലെ ഏറ്റവും വികസിത ജില്ലകളില്‍ ഒന്നായ കോഴിക്കോടിന് എയിംസ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ നേതൃത്വത്തിന്റെ അനാസ്ഥയുടെ ഭാഗമായി കാണുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിച്ചു.
ശിക്ഷാനടപടികളുടെ ഭാഗമായി എല്ലാ ജില്ലകളില്‍ നിന്നും ഉദ്യോഗസ്ഥരെ കാസര്‍ഗോഡ് ജില്ലയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ഈ ജില്ലയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് തുടര്‍ന്നാല്‍ ബഹുജന പ്രക്ഷോഭത്തിന് വിദ്യാര്‍ഥികള്‍ ആഹ്വാനം ചെയ്യേണ്ടതായി വരും. കടുത്ത പിന്നോക്കാവസ്ഥ ജില്ല നേരിടുന്നതിനാല്‍ മാത്രമാണ് ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത് എന്നത് വ്യക്തമാണ്. ‘ നിര്‍ദിഷ്ട എയിംസ് കാസര്‍ഗോഡിന് അനുവദിച്ചേ തീരൂ എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പി.എം ഉഷ റൂസ മൂന്ന് – പിന്നോക്കാവസ്ഥയിലുള്ള ജില്ലകളിലെ കോളേജുകള്‍ക്ക് അഞ്ചു കോടി രൂപ അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്‌കീമില്‍ നിന്നും കാസറഗോഡ് ജില്ലയെ ഒഴിവാക്കി മുന്നോക്ക ജില്ലകളെ ഉള്‍പ്പെടുത്തിയതിലെ അനൗചിത്യം ചോദ്യം ചെയ്യപ്പെടണമെന്നും, തന്മൂലം കാസര്‍ഗോഡ് ജില്ലയിലെ കോളേജുകള്‍ക്ക് അഞ്ചു കോടി രൂപ വീതം നഷ്ടമായെന്നും, ഇത് ജില്ലയോട് കാണിക്കുന്ന അവഗണനയുടെ ഉത്തമ ഉദാഹരണമാണ് എന്നും കത്തയച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് പറഞ്ഞു.
പ്രോഗ്രാം ഓഫീസര്‍മാരായ അതുല്യ കുര്യാക്കോസ്, ഡോ. അഖില്‍ തോമസ് സെക്രട്ടറിമാരായ ദര്‍ശന്‍ ബാലന്‍, പി.വി ഋഷികേശ്, മുഹമ്മദ് റസീന്‍, ടി.കെ ഗോപിക, എന്‍.എ അനുശ്രീ, എം അഭിനവ്, എം പ്രണവ്, എം കൃഷ്‌ണേന്ദു എന്നിവര്‍ നേതൃത്വം നല്‍കി.