നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ തന്റെ അഭിനയ ജീവിതത്തില്‍ ഒരു ഇടവേള എടുക്കുന്നു. ഈ വര്‍ഷം പുതിയ സിനിമകളില്‍ ഒന്നും അഭിനയിക്കുന്നില്ല എന്നും, പകരം സംവിധാനത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍ എല്ലാം കഴിഞ്ഞ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയായതാണ്. ഈ വര്‍ഷം ഇനി സിനിമകള്‍ ചെയ്യാതെ സംവിധാനം ചെയ്യണം എന്ന ഉദ്ദേശം കൊണ്ടാണ് അങ്ങനെ ചെയ്തത്. പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിട്ട് നാലു മാസമായി. അതില്‍ തിര 2 ഉണ്ട് പിന്നെ മറ്റു രണ്ട് കഥകള്‍ കൂടെ എഴുതുന്നുണ്ട്. അതുകൊണ്ട് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്,’ ധ്യാന്‍ പറഞ്ഞു.
അഭിനയം നിര്‍ത്തി സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം വ്യക്തമാക്കിയതിന് പിന്നാലെ, തന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ‘തിര’യുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ധ്യാന്‍ ശ്രീനിവാസന്‍ മനസ്സുതുറന്നു.
തിയേറ്റര്‍ റിലീസ് സമയത്ത് വലിയ ശ്രദ്ധ നേടാതെ പോയ സിനിമയാണ് 2013-ല്‍ പുറത്തിറങ്ങിയ ‘തിര’. എന്നാല്‍ ആ ചിത്രത്തിന് ഇന്ന് വലിയ പ്രസക്തിയുണ്ടെന്നാണ് ധ്യാനിന്റെ പക്ഷം.
‘തിരയുടെ കാന്‍വാസ് 2013-ല്‍ തന്നെ വളരെ വലുതായിരുന്നു. നാല്-അഞ്ച് സംസ്ഥാനങ്ങളില്‍ പോയി, മറ്റു ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളെ കൊണ്ടുവന്ന് മള്‍ട്ടിലാംഗ്വേജായി ഷൂട്ട് ചെയ്ത സിനിമയാണത്. അന്നത്തെ മലയാളി പ്രേക്ഷകര്‍ക്ക് അവരുടെ കാലത്തിന് വളരെ മുന്‍പ് വന്ന സിനിമയായി ‘തിര’ തോന്നിയിരിക്കാം. എന്നാല്‍ ഇന്ന് നമ്മള്‍ എല്ലാ തരം സിനിമകളും സ്വീകരിക്കുന്നു, അതിനാല്‍ ‘തിര’യ്ക്ക് ഇന്ന് കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നു’, ധ്യാന്‍ പറഞ്ഞു.