ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോടോം-ബേളൂര്‍, കാലിച്ചാനടുക്കം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ് നവീകരണത്തിനായുള്ള ഫണ്ട് അനുവദിക്കുന്നതില്‍ പ്രതിപക്ഷ വാര്‍ഡുകളെ പൂര്‍ണമായും തഴഞ്ഞുകൊണ്ട് തികച്ചും ഏകപക്ഷീയമായി ടെന്‍ഡറിനുള്ള പട്ടിക തയ്യാറാക്കിയതില്‍ പ്രതിഷേധിച്ച് കോടോം ബേളൂര്‍, കാലിച്ചാനടുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന 6,7,12, 15 എന്നീ വാര്‍ഡുകളില്‍ കൂടി രണ്ടു വീതം റോഡുകള്‍ 20.5.2025 ലെ ഭരണസമിതി യോഗത്തില്‍ വായിച്ച് അംഗീകരിച്ചിരുന്നെങ്കിലും എന്നാല്‍ മിനിട്‌സ് രേഖപ്പെടുത്തി പൂര്‍ണ്ണമാക്കിയപ്പോള്‍ ഒരു റോഡ് പോലും ഉള്‍പ്പെടുത്താതെ ഒഴിവാക്കിയതാണ് പ്രതിഷേധാത്തിനിടയാക്കിയത് . ഭരണസമിതി യോഗത്തില്‍ വായിച്ച് അംഗീകരിച്ച റോഡുകള്‍ പോലും മിനുട്‌സില്‍ രേഖപ്പെടുത്താതെ കൃത്രിമം കാണിച്ചു എന്നുള്ളത് അതീവ ഗുരുതരമായ തെറ്റാണെന്നും ഇതിനു നേതൃത്വം കൊടുത്ത ഇടത് ഭരണസമിതിയും അതിന് കൂട്ട് നിന്ന പഞ്ചായത്ത് സെക്രട്ടറിയും വലിയ വില കൊടുക്കേണ്ടി വരുമെന്നും, ഭരണക്കാരുടെ അഴിമതിക്ക് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നാല്‍ അവരെ പെന്‍ഷന്‍ വാങ്ങിപ്പിക്കില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ മുന്നറിയിപ്പ് നല്‍കി.ഭരണസമിതി നിലവില്‍ വന്ന കാലം മുതല്‍ ഭരണസമിതി യോഗത്തിന്റെ നോട്ടീസും അജണ്ടയും കൃത്യമായി നല്‍കാതെയും, യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ പോലും എഴുതിച്ചേര്‍ക്കാതെയും വെട്ടിമാറ്റുന്ന സ്ഥിതിയാണ് ഉണ്ടാവാറുള്ളത്. തികച്ചും ഏകപക്ഷീയമായും അഴിമതിയും നിറഞ്ഞതാണ് ഭരണസമിതിയുടെ പല ഇടപാടുകളും കോടോം ബേളൂരില്‍ നടക്കുന്നത്.കോണ്‍ഗ്രസ് പാവങ്ങള്‍ക്ക് വേണ്ടി കൊണ്ട് വന്ന തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതിയും ക്രമക്കേടുമാണ്,പണി നടക്കാത്ത റോഡുകളുടെ പോലും ഫണ്ട് കൈപ്പറ്റുന്നു.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള തികച്ചും ഏകപക്ഷീയമായ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും, കോടോം ബേളൂര്‍ പഞ്ചായത്തില്‍ നടക്കുന്ന അഴിമതിക്കെതിരെ നിയമ പോരാട്ടം നടത്തും എന്നും ഡിസിസി പ്രസിഡണ്ട് പറഞ്ഞു. കോടോം ബേളൂര്‍ മണ്ഡലം പ്രസിഡണ്ട് ബാലകൃഷ്ണന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി വി സുരേഷ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മധുസൂദനന്‍ ബാലൂര്‍,ലക്ഷ്മി തമ്പാന്‍, അനിത രാമകൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ, രാജീവന്‍ ചീരോല്‍,അഡ്വ. ഷീജ,ആന്‍സി ജോസഫ്, ജിനി ബിനോയ്, ബാബു മാണിയൂര്‍,പാച്ചേനി കൃഷ്ണന്‍, ബാലകൃഷ്ണന്‍ ചക്കിട്ടടുക്കം, കെ കെ യൂസഫ്, എ കുഞ്ഞിരാമന്‍, ബിനോയ് ആന്റണി, ടി എം മാത്യു, ജോസ് ജോസഫ്, രാജേഷ് പണംകോട്, വിനോദ് കപ്പിത്താന്‍, വിഷ്ണു കാട്ടുമാടം,ബേബി പുതുപ്പറമ്പില്‍, തങ്കമണി. സി , സജിത ശ്രീകുമാര്‍, ആശിഷ് അടുക്കം, ജിബിന്‍ ജെയിംസ്, വിനോദ് നായിക്കയം, സുരേഷ് വളാപ്പാടി, രാമനാഥന്‍, പുഷ്പരാജ്, ജോര്‍ജ് വി. എം. ലിനീഷ് ജോര്‍ജ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. കാലിച്ചടുക്ക മണ്ഡലം പ്രസിഡണ്ട് മാണിയൂര്‍ ബാലകൃഷ്ണന്‍ സ്വാഗതവും സജി പ്ലാച്ചേരി നന്ദിയും പറഞ്ഞു. നുറുകണക്കിന് പ്രവര്‍ത്തകര്‍ അട്ടേങ്ങാനത്തു നിന്നും പ്രകടനമായി പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് ഗേറ്റില്‍ തടഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ അവസാനം പ്രവര്‍ത്തകര്‍ പഞ്ചായത്തിലേക്ക് കയറാന്‍ ശ്രമിച്ചത് പോലീസുമായി ഉന്തും തള്ളിനും ഇടയാക്കി.

Leave a Reply

Your email address will not be published. Required fields are marked *