മുളിയാറിലെ ജനവാസ മേഖലയില്‍ സ്ഥാപിച്ച എബിസി കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ്

ബോവിക്കാനം: മുളിയാര്‍ മൃഗാശുപത്രിയോട് ചേര്‍ന്ന് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച എബിസി കേന്ദ്രം മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി മുളിയാര്‍ ഗ്രാമ പഞ്ചായത്തിന് നിവേദനം നല്‍കി. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ കാസര്‍കോട് ജില്ലാ പഞ്ചായത്താണ് എബിസി പദ്ധതി നടപ്പിലാക്കിയത്. ജനവാസ മേഖലയില്‍ സ്ഥാപിച്ച കേന്ദ്രം ജനങ്ങള്‍ക്ക് തീരാദുരിതമായി മാറിയിരിക്കുകയാണ്.

മതിയായ പഠനമോ, കൂടിയാലോചനയോ നടത്താതെയും ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്താതെയുമാണ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. തൃക്കരിപ്പൂര്‍,തയലങ്ങാടി എന്നിവിടങ്ങളിലെ എബിസി. കേന്ദ്രം അടച്ചുപൂട്ടിയതോടെ ജില്ലയിലെ എല്ലാ തെരുവ് നായ്ക്കളെയും വന്ധീകരിക്കു ന്നതിനായി മുളിയാറിലേക്കാണ് എത്തിക്കുന്നത്. ഒരു നായയെ ഒരാഴ്ചയോളമാണ് ഇവിടെ സജ്ജമാക്കിയ കൂട്ടില്‍ അടക്കുന്നത്.

ദിവസേന ശരാശരി 20 നായ്ക്കളെയാണ് വന്ധീകരിക്കപ്പെടുന്നത്. നായ്ക്കളുടെ ശസ്ത്രക്രിയ അവശിഷ്ടങ്ങളും, മല-മൂത്രവും എട്ടാംമൈല്‍ ബാലനടുക്കം പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധമാണ് പടര്‍ത്തുന്നത്. ഇത് രോഗം പിടിപെടാനും കാരണമാവും. രാപകല്‍ വ്യത്യാസമില്ലാത്ത പട്ടികളുടെ കൂട്ടകുരയില്‍ പരിസരവാസികള്‍ക്ക് ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. മുളിയാറിലെ ജനവാസ മേഖലയിലെ എബിസി സെന്റര്‍ അടിയന്തിരമായി അടച്ചു പൂട്ടണമെന്നും, ജനവാസം തീരെയില്ലാത്ത മറ്റേതെങ്കിലും ഇടം കണ്ടെത്തി മാറ്റിസ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കെബി.മുഹമ്മദ് കുഞ്ഞി, ബിഎം.അബൂബക്കര്‍ ഹാജി, എംകെ.അബ്ദുള്‍ റഹിമാന്‍ ഹാജി,മന്‍സൂര്‍ മല്ലത്ത്, മാര്‍ക്ക് മുഹമ്മദ്, സിദ്ധീഖ് ബോവിക്കാനം, എംഎച്ച്. അബ്ദുല്ല കുഞ്ഞി ഹാജി, എകെ.യൂസുഫ്, റംഷീദ് ബാലനടുക്കം സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *