റാഞ്ചി: ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗോര്‍ഹാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പന്തിത്രി വനത്തില്‍ രാവിലെ 6 മണിയോടെയാണ് നിരോധിത സിപിഐ (മാവോയിസ്റ്റ്) നേതാവായ സഹദേവ് സോറന്റെ സംഘവും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ മരണപ്പെട്ട ഒരാളുടെ തലയ്ക്ക് നേരത്തെ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.”മരണപ്പെട്ട മാവോയിസ്റ്റുകളായ സഹദേവ് സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങള്‍ തിരച്ചിലിനിടെ കണ്ടെടുത്തു” എന്ന് അധികൃതര്‍ പറഞ്ഞു. സംഭവ സ്ഥത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.