അശ്രദ്ധമായ ഡ്രൈവിങ്; ദുബായില്‍ ഡ്രൈവര്‍ക്ക് കനത്ത പിഴയും ബ്ലാക്ക് പോയിന്റും

ദുബായ്: റോഡില്‍ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറുടെ വാഹനം ദുബായ് പൊലീസ് പിടിച്ചെടുത്തു. ഗതാഗത നിയമലംഘനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം ദുബായ് പൊലീസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസ് ക്യാംപെയ്‌നിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു. നിയമലംഘനം നടത്തിയതിന് ഡ്രൈവര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തെ വാഹന കണ്ടുകെട്ടലും ശിക്ഷയായി ലഭിച്ചു. അപകടകരമായ രീതിയില്‍ ടി വേ റോഡില്‍ ലെയിന്‍ മാറിയതിനാണ് വാഹനം പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ലെയിന്‍ മാറിയാല്‍ 600 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കും.

റോഡില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. അശ്രദ്ധമായ ഡ്രൈവിങ് ഡ്രൈവര്‍ക്ക് മാത്രമല്ല, മറ്റു യാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് വ്യക്തമാക്കി. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധയോടെ ഇരിക്കാനും ഡ്രൈവിങ്ങില്‍ നിന്ന് ശ്രദ്ധ മാറ്റുന്ന കാര്യങ്ങള്‍ ഒഴിവാക്കാനും ലെയിന്‍ മാറുന്നതിന് മുന്‍പ് കണ്ണാടികള്‍ നോക്കാനും സിഗ്‌നലുകള്‍ ഉപയോഗിക്കാനും ഡ്രൈവര്‍മാരോട് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *