വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം രണ്ട് ഏക്കറിലധികം സ്ഥലത്ത് ഗണേശന്‍ പച്ചക്കറി കൃഷി ചെയ്യുന്നു.
രാവണേശ്വരം : കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കാര്‍ഷിക രംഗത്ത് തുടരുന്ന രാവണേശ്വരം
മാക്കി പുതിയ കണ്ടം സ്വദേശി ഗണേശന്‍ യുവ തലമുറയ്ക്ക് കാര്‍ഷിക രംഗത്ത് ഒരു മാതൃകയാണ്. നാടന്‍ കക്കിരിയാണ് പ്രധാനമായും ഗണേശന്റെ കാര്‍ഷിക ഉല്‍പ്പന്നം. തനിക്ക് സ്വന്തമായി 10 സെന്റ് മാത്രമേ ഉള്ളൂവെങ്കിലും ഏക്കറില്‍ അധികം സ്ഥലം പാട്ടത്തിനെടുത്താണ് ഗണേശന്‍ തന്റെ കൃഷി തുടര്‍ന്നു കൊണ്ടു പോകുന്നത്. ഇതില്‍ രണ്ട് ഏക്കര്‍ സ്ഥലം പൂര്‍ണ്ണമായും നാടന്‍ കക്കിരി കൃഷിക്ക് വേണ്ടിയാണ് നീക്കി വെക്കുന്നത്. പ്രധാനമായും കൃഷി ഉപജീവന മാര്‍ഗമായ ഗണേശന്‍ വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം ഇങ്ങനെ കക്കിരി, വെള്ളരി കൃഷി ചെയ്തുവരുന്നു. മധുരക്കിഴങ്ങ്, പയര്‍ വര്‍ഗ്ഗങ്ങള്‍, വാഴ, ഇഞ്ചി എന്നീ കൃഷികളും ഗണേശന്‍ കൃഷി ചെയ്യാറുണ്ട്. കൂടാതെ പാട്ടത്തിന് എടുത്ത ഒരേക്കറോളം സ്ഥലത്ത് നെല്‍കൃഷിയും ചെയ്തു വരുന്നു. വിളവെടുത്ത കാര്‍ഷിക ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനായി കൃഷിയില്‍ നിന്നും തനിക്ക് ലഭിച്ച വരുമാനം സ്വരൂപിച്ച് തന്റെ സന്തത സഹചാരിയായ കര്‍ഷകന്‍ എന്ന ഗുഡ്‌സ് ഓട്ടോയും ഗണേശനോടൊപ്പം ഉണ്ട്. അജാനൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള ബഹുമതിയും ഗണേശനെ തേടിയെത്തിയിട്ടുണ്ട്. മറ്റ് കര്‍ഷകര്‍ക്ക് ആവശ്യമായുള്ള വിത്തിനങ്ങളും ഗണേശന്‍ നല്‍കിവരുന്നു. ഭാര്യ സവിതയും രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ തീര്‍ത്ഥയും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രി യയും എല്ലാ സഹായങ്ങളുമായി ഗണേശനോടൊപ്പം ഉണ്ട്.