കോഴിക്കോട്: 750 രൂപ വിലയുള്ള ആട്ടിന്‍തലയ്ക്ക് ലേലത്തില്‍ കിട്ടിയത് ഒരു ലക്ഷം രൂപ. കോഴിക്കോട് നാദാപുരത്ത് നടന്ന ലേലം വിളിയിലാണ് ഒരു ആട്ടിന്‍ തലയ്ക്ക് ഇത്രയും വില കിട്ടിയത്. നബിദിനാഘോഷ കമ്മറ്റി 23 ആട്ടിന്‍ തലകളാണ് ലേലത്തില്‍ വെച്ചത്. വാശിക്ക് തുടങ്ങിയ ലേലം വിളി എത്തി നിന്നത് ഒരു ലക്ഷം രൂപയിലാണ്. അവധിക്ക് നാട്ടിലെത്തിയ ഇസ്മയിലാണ് ലേലം വിളിച്ച് ആട്ടിന്‍തല സ്വന്തമാക്കിയത്.
750 രൂപയ്ക്ക് കിട്ടുന്ന ആട്ടിന്‍തലയാണ് ലേലം വിളിയോടെ സ്റ്റാറായത്. മറ്റ് ആട്ടിന്‍ തലകള്‍ക്കും നല്ല വില തന്നെ കിട്ടി. 3500-നും ഏഴായിരത്തിനും ഇരുപതിനായിരത്തിനുമൊക്കെ ലേലം വിളിച്ചവരുണ്ട്. വില നോക്കിയിട്ടല്ല, സംഘാടകര്‍ക്ക് ഒരു സഹായമാകട്ടെ എന്ന് കരുതിയാണ് ഒരു ലക്ഷം രൂപയ്ക്ക് ആട്ടിന്‍തല സ്വന്തമാക്കിയതെന്ന് ഇസ്മയില്‍ പറഞ്ഞു.
ആകെ മൂന്ന് ലക്ഷത്തിന് മുകളിലാണ് ലേലത്തിലൂടെ കിട്ടിയത്. ലേലംവിളി പ്രതീക്ഷിച്ചതിനേക്കാള്‍ വിജയത്തിലെത്തിയതോടെ സംഘാടകരും വളരെ സന്തോഷത്തിലാണ്.