കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ്. ബുക്കിങ് റദ്ദാക്കേണ്ടിവരുന്നവര്‍ക്ക് പണം മടക്കിനല്‍കാമെന്ന പേരിലാണ് തട്ടിപ്പുനടത്തുന്നത്. കഴിഞ്ഞദിവസം ഒരു മലയാളി സ്ത്രീക്ക് ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റിലൂടെ 18 ലക്ഷം രൂപ നഷ്ടമായി. അടുത്തിടെ കോയമ്പത്തൂര്‍ നഗരത്തില്‍ മാത്രം 50 പേര്‍ തട്ടിപ്പിനിരയായതായി പൊലീസ് പറയുന്നു.
കോവൈപുതൂരില്‍ താമസിക്കുന്ന മലയാളിയായ 60കാരി സ്വകാര്യ യാത്രാസൈറ്റ് വഴി മുറി ബുക്ക് ചെയ്തിരുന്നു. യാത്ര വേണ്ടെന്നുവെച്ചതിനാല്‍ മുറി ബുക്ക് ചെയ്തതിന്റെ പണം തിരികെ ലഭിക്കുന്നതിന് സൈറ്റില്‍ പരിശോധന നടത്തി. ഈ സമയം ടിക്കറ്റ് റദ്ദാക്കിയതിന്റെ പണം മടക്കിവാങ്ങുന്നതിന് സഹായിക്കാമെന്ന പേരില്‍ ഫോണ്‍നമ്പര്‍ കണ്ടു. ഈ നമ്പറില്‍ വിളിച്ചപ്പോള്‍ യാത്രാസൈറ്റിന്റെ കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവാണെന്നുപറഞ്ഞ് ഒരാള്‍ സംസാരിച്ചു. പണം തിരികെ ലഭിക്കുന്നതിന് അപേക്ഷ അയക്കാന്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ വഴി അപേക്ഷ നല്‍കിയപ്പോള്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ പണമയക്കേണ്ട അക്കൗണ്ട് നമ്പറും മറ്റും ആവശ്യപ്പെട്ടു. ഇത് നല്‍കിയതോടെ തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് 18 ലക്ഷം രൂപ കവര്‍ന്നെടുക്കുകയായിരുന്നു.