മത്സ്യകൃഷിക്ക് പിന്നാലെ ചെണ്ടുമല്ലി കൃഷിയില്‍ നൂറു മേനി വിജയം കൊയ്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരന്‍ പി. അനീഷ് ദീപം

വിളവെടുപ്പ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് ഉദ്ഘാടനം ചെയ്തു.

രാവണേശ്വരം: അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരനായ പി. അനീഷ് ദീപം ചെണ്ടുമല്ലിയും വാടാര്‍ മല്ലിയും കൃഷിയില്‍ നൂറു മേനി വിജയം കൈവരിച്ചു. വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ഇരുപത്തിമൂന്നാം വാര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണന്‍, ഒന്നാം വാര്‍ഡ് മെമ്പര്‍ പി. മിനി കോതോളങ്കര ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് അശോകന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ കാര്യമായ ജോലികള്‍ ഇല്ലാത്തപ്പോള്‍ ആ സമയത്ത് പുഷ്പകൃഷിയുമായി മുന്നോട്ട് പോവുകയായിരുന്നു ഈ യുവാവ്. കൊറോണ സമയത്ത് മത്സ്യകൃഷിയില്‍ വിജയം കൈവരിച്ചിരുന്നു. ഇപ്പോഴും മത്സ്യകൃഷി തുടര്‍ന്നുപോകുന്നുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് ഈ വര്‍ഷം ചെണ്ടുമല്ലിയും വാടാര്‍ മല്ലിയും കൃഷി നടത്തണമെന്ന ആശയം ഉദിച്ചത്. വാടാര്‍ മല്ലിയും ചെണ്ടുമല്ലിയും കൃഷി ചെയ്ത് പ്രതികൂല കാലാവസ്ഥയിലും നൂറുമേനി വിജയം കൈവരിക്കാന്‍ വേണ്ടി യുവാവിന് സാധിച്ചു. ഭാര്യ ഹരിതാ ദീപം. ദേവാംശ് ദീപം, ദീപാംശ് ദീപം എന്നിവര്‍ മക്കളാണ്. കൃഷി നടത്തുന്നതിന് വേണ്ടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നാട്ടുകാരുടെ അകമഴിഞ്ഞ സഹായസഹകരണവും ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *