ഐസിഎഐ പ്രസിഡന്റ് ഛരണ്‍ജോത് സിംഗ് നന്ദയ്ക്ക് ലീഡര്‍ഷിപ്പ് പുരസ്‌കാരം

കൊച്ചി: ചാട്ടേര്‍ഡ് അക്കൗണ്ടന്റുകളുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് ഛരണ്‍ജോത് സിംഗ് നന്ദയ്ക്ക് ഇക്കണോമിക് ടൈംസ് ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. സംഘടനയെ ആഗോളതലത്തില്‍ മുന്‍നിരയില്‍ എത്തിക്കുന്നതില്‍ ഛരണ്‍ജോത് സിംഗ് വഹിച്ച നേതൃത്വ മികവ് പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമ താരം അനുപം ഖേര്‍ പുരസ്‌കാരം നല്‍കി. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ അക്കൗണ്ടിംഗ് സുതാര്യമാക്കാന്‍ അവതരിപ്പിച്ച ഫോറന്‍സിക് അക്കൗണ്ടിംഗ് ആന്‍ഡ് ഇന്‍വസ്റ്റിഗേഷന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (എഫ്എഐഎസ്) നടപടിക്രമങ്ങള്‍, ഐസിഎഐ സംഘടനയെ ആഗോളതലത്തില്‍ മുന്‍നിരയിലെത്തിച്ചു. ഡിജിറ്റല്‍ അക്കൗണ്ടിംഗ് ആന്‍ഡ് അഷുറന്‍സ് ബോര്‍ഡ് മേധാവിയെന്ന നിലയില്‍ എഫ്എഐഎസ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഛരണ്‍ജോത് സിംഗാണ്.

പ്രൊഫഷണല്‍ അക്കൗണ്ടിംഗ് മേഖലയില്‍ ലോകോത്തര നിലവാരമുള്ള മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ഐസിഎഐ സംഘടനയുടെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരമെന്ന് ഛരണ്‍ജോത് സിംഗ് പറഞ്ഞു. ലോകത്തിനാകെ മാതൃകയാകുന്ന രീതിയില്‍ അക്കൗണ്ടിംഗ് മേഖലയില്‍ പുതിയ ബെഞ്ച്മാര്‍ക്കുകള്‍ സൃഷ്ടിക്കാന്‍ ഊര്‍ജം നല്‍കുന്നതാണ് പുരസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മിത ബുദ്ധി (എഐ) ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ അക്കൗണ്ടിംഗ് മേഖലയിലേക്ക് സമന്വയിപ്പിച്ച് ഐസിഎഐയുടെ കൃത്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതില്‍ ഛരണ്‍ജോത് സിംഗ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആഗോള സഹകരണങ്ങള്‍, സുസ്ഥിരത, യുവജന ശാക്തീകരണം, നൈപുണ്യ വികസനം, ഫോറന്‍സിക് അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിലുള്ള ഐസിഎഐയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയതും ഛരണ്‍ജോത് സിംഗാണ്.

Leave a Reply

Your email address will not be published. Required fields are marked *