പെരിയ: വില്ലാരംപതിയില്‍ പുതുതായി രൂപീകരിച്ച വില്ലാരംപതി പുരുഷ സ്വയം സഹായ സംഘം ഓണക്കാലത്തെ വരവേല്‍ക്കാന്‍ നടത്തിയ ചെണ്ടുമല്ലി, പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം നാടിനെ വര്‍ണ്ണാഭമാക്കി. വിളവെടുപ്പ് ഉദ്ഘാടനം ഉദുമ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു. കാലാവസ്ഥ എതിരായിട്ടും ഇങ്ങനെയൊരു പുഷ്പവാടി ഒരുക്കിയ ഇരുപത്തിയൊന്നംഗ പുരുഷസഹായസംഘത്തെ എംഎല്‍എ പ്രശംസിച്ചു. വില്ലാരംപതി ദേവസ്ഥാനത്തിന് സമീപ മുള്ള സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിട്ടുനല്‍കിയ ഒന്നര ഏക്കര്‍ സ്ഥലത്താണ് കൂട്ടായ്മ സംഘകൃഷിയിറക്കിയത്. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പാടം നാട്ടില്‍ വസന്തം വിരിയിക്കുന്നു. നരമ്പന്‍, കക്കിരി, വെള്ളരി, പാവയ്ക്ക, പടവലം, മത്തന്‍, കുമ്പളം തുടങ്ങിയ പച്ചക്കറികളും സമൃദ്ധമായി കായ്ച്ചിട്ടുണ്ട്. ഇത്തവണത്തെ ഓണവിപണിയെ അലങ്കരിക്കാന്‍ ജൈവ വളപ്രയോഗത്തിലൂടെ വിരിയിച്ചെടുത്ത പൂക്കളും വിളയിച്ചെടുത്ത പച്ചക്കറികളും തയ്യാറാകുമ്പോള്‍ ഏറെ ആനന്ദത്തിലും അഭിമാനത്തിലുമാണ് കൂട്ടായ്മയിലെ ഓരോ അംഗവും. പുല്ലുര്‍-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാര്‍ത്ത്യായനി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്തംഗം ലതരാഘവന്‍, പുല്ലൂര്‍- പെരിയ കൃഷിഭവന്‍ ഓഫീസര്‍ ജയപ്രകാശന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മണികണ്ഠന്‍, അഗ്രോ സര്‍വ്വീസ് സെന്റര്‍ ഫെസിലിറ്റേറ്റര്‍ നബീസത്ത് ബീവി, സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയംഗം എന്‍ ബാലകൃഷ്ണന്‍ , പെരിയ ലോക്കല്‍ സെക്രട്ടറി എം മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
സ്വയം സഹായ സംഘം പ്രസിഡണ്ട് ബാലകൃഷ്ണന്‍ നാലക്ര സ്വാഗതവും സെക്രട്ടറി സതീശന്‍ കൊള്ളിക്കാല്‍ നന്ദിയും പറഞ്ഞു.