കാഞ്ഞങ്ങാട്: അഖിലേന്ത്യ കിസാന്‍ സഭ കര്‍ഷക അവകാശ ദിനത്തിന്റെ ഭാഗമായി പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്ന കര്‍ഷകദ്രോഹ നയങ്ങളുടെയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യവിരുദ്ധ നടപടികള്‍ക്കുമെതിരെ അഖിലേന്ത്യ കിസാന്‍ സഭ രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യപിച്ച 50% തീരുവ നിലവില്‍ വന്നാല്‍ രാജ്യത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വലിയ പ്രതിസന്ധി ഉടലെടുക്കുകയാണ്. ഇന്ത്യ ഒപ്പുവെക്കാന്‍ തയ്യാറായിട്ടുള്ള ഇന്തോ-യുഎസ്, ഇന്തോ – യു കെ സ്വതന്ത്ര വ്യാപാര കരാറുകള്‍ ഇന്ത്യന്‍ കാര്‍ഷീക മേഖലയുടെ മരണവാറണ്ടായതിനാല്‍ അതില്‍ നിന്നും പിന്‍വാങ്ങുക, കര്‍ഷീകോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിയമപരമാക്കുക, കര്‍ഷകരുടെ, വായ്പകള്‍ എഴുതിത്തള്ളുക, വൈദ്യുതി സ്വകാര്യ വത്കരണവും, സ്മാര്‍ട്ട് മീറ്റര്‍ വ്യാപകമാക്കാനുമുള്ള നടപടികള്‍ പിന്‍വലിക്കുക കാസര്‍കോട് ജില്ലയിലുണ്ടായ അതിവര്‍ഷത്തേ തുടര്‍ന്ന് മഹാളി രോഗം മൂലം കവുങ്ങ് കൃഷിക്കുണ്ടായ നാശനഷ്ടത്തിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധ കൂട്ടായ്മയില്‍ ഉന്നയിച്ചു. പ്രക്ഷോഭത്തിന്റ ഭാഗമായി മഞ്ചേശ്വരം, കാസര്‍കോട്, ബദിയടുക്ക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കാസര്‍കോട് പട്ടണത്തില്‍ നടന്നന പ്രതിഷേധ കൂട്ടായ്മ എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂര്, വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു കാഞ്ഞങ്ങാട് പട്ടണത്തില്‍ നടന്ന കര്‍ഷക പ്രതിഷേധ കൂട്ടായ്മ അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ കമ്മറ്റി അംഗം ബി രത്‌നാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കിസാന്‍ സഭ സംസ്ഥാന കമ്മറ്റി അംഗം കെ പി സഹദേവന്‍, എം വി കുഞ്ഞമ്പു, കുമാരന്‍ മാസ്റ്റര്‍, ഭാസ്‌ക്കരന്‍ അടിയോടി എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മറ്റിയംഗം മുരളി സ്വാഗതം പറഞ്ഞു.