ഗ്രീന്‍ഫീല്‍ഡില്‍ അഹമ്മദ് ഇമ്രാന്റെ താണ്ഡവം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍) സീസണ്‍ 2-ല്‍ തകര്‍പ്പന്‍ പ്രകടനവുമായി അഹമ്മദ് ഇമ്രാന്‍. തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഹമ്മദ് കെസിഎല്‍ സീസണ്‍ 2-ലെ ആദ്യ സെഞ്ച്വറി നേടി ശ്രദ്ധേയനായി. ഓപ്പണിംഗ് ബാറ്ററായ ഇമ്രാന്‍ ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ കാണികളെ ആവേശത്തിലാഴ്ത്തി.

54 പന്തില്‍ 11 ഫോറുകളും 5 സിക്‌സറുകളും സഹിതം 100 റണ്‍സ് നേടിയാണ് ഇമ്രാന്‍ സെഞ്ച്വറി തികച്ചത്. ഒരു വശത്ത് വിക്കറ്റുകള്‍ നിലംപൊത്തുമ്പോഴും, മറുവശത്ത് പാറപോലെ ഉറച്ചുനിന്ന് ഇമ്രാന്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന്റെ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ഓരോ ഓവറിലും റണ്‍റേറ്റ് നിലനിര്‍ത്തി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ഇമ്രാന്‍, ടീം സ്‌കോര്‍ 209 റണ്‍സിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 55 പന്തില്‍ 100 റണ്‍സ് നേടിയ ശേഷമാണ് ഇമ്രാന്‍ പുറത്തായത്.

19 വയസ്സുകാരനായ അഹമ്മദ് ഇമ്രാന്‍ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയാണ്.കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റന്‍ ആയിരുന്നു ഇമ്രാന്‍. സി.കെ. നായിഡു ട്രോഫിയില്‍ സെഞ്ച്വറി പ്രകടനത്തിലൂടെയും ഇമ്രാന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ വിഭര്‍ഭക്കെതിരെയുള്ള മത്സരത്തിലൂടെ രഞ്ജി ട്രോഫിയിലും ഇമ്രാന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല, നിര്‍ണ്ണായക ഘട്ടങ്ങളില്‍ പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിവുള്ള ഒരു ഓള്‍റൗണ്ടര്‍ കൂടിയാണ് ഈ യുവതാരം.

Leave a Reply

Your email address will not be published. Required fields are marked *