ഉദുമ: മഴയ്ക്ക് ശമനമായെങ്കിലും കടലിന്റെ കുത്തൊഴുക്കില്‍ ദുരിതം പേറുകയാണ് ഉദുമ പടിഞ്ഞാര്‍ തീരദേശവാസികള്‍. തിരകള്‍ തീരത്ത് ആഞ്ഞടിക്കുമ്പോള്‍ മണല്‍ ഒലിച്ചു പോകുന്നത് മൂലം തെങ്ങുകള്‍ കടപുഴകി വീഴുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കൊവ്വല്‍, കൊപ്പല്‍, ജന്മ ഭാഗങ്ങളില്‍ നിരവധി തെങ്ങുകള്‍ കടലിന്റെ കുത്തൊഴുക്കില്‍ കടപുഴകി വീണു കൊണ്ടിരിക്കുകയാണെന്ന് അവര്‍ പരാതിപ്പെടുകയാണ്. കൊവ്വലിലെ താമസക്കാരായ ബി.കെ. കണ്ണന്‍, ജാനകി, ചന്ദ്രന്‍, പുരുഷു, വെള്ളച്ചി നാരായണി , കണ്ണന്‍ കടപ്പുറം എന്നിവരുടെ 10 ഓളം തെങ്ങുകള്‍ കടപുഴകി വീണു.
തെങ്ങുകള്‍ കടല്‍ ക്ഷോഭത്തില്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയിലാണ് കടപ്പുറവാസികള്‍. കൃഷി ഭവനില്‍ പരാതി കൊടുത്താലും ഫലം കിട്ടുന്നില്ലെന്നാണ് പരാതി. തൃക്കണ്ണാട് അടക്കമുള്ള കടലോര പ്രദേശങ്ങള്‍ ഹോട്ട് സ്‌പോട്ടില്‍ പെടുന്നുണ്ടെങ്കിലും ഉദുമ പടിഞ്ഞാര്‍ തീരദേശം ആ പട്ടികയില്‍ പെടാത്തതാണ് നഷ്ടപരിഹാരം കിട്ടാത്തതിന്റെ കാരണമെന്ന് ഉദുമ പടിഞ്ഞാര്‍ തീരദേശ സംരക്ഷണ സമിതി കണ്‍വീനര്‍ ശ്രീധരന്‍ കാവുങ്കാല്‍ പറയുന്നു.