ആഗസ്ത് 20 ലോക കൊതുക് ദിനാചരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പടന്നക്കാട് നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ പി.വി റീജയുടെ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാറിലും പാനല്‍ ഡിസ്‌കഷനിലും ജില്ലാ വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഗിരീഷ് കെ വി, കാസറഗോഡ് ഡിവിസി യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേഷ് കുമാര്‍ വി വി, ജില്ലാ ഐഡിഎസ്പി സെല്‍ എപ്പിഡമോളജിസ്റ്റ് ഫ്ലോറി ജോസഫ്, എന്റമോളജിസ്റ് അനുഷ, വെള്ളരിക്കുണ്ട് എപ്പിഡമോളജിസ്റ്റ് ഭാഗ്യലക്ഷ്മി, ഡിവിസി യൂണിറ്റ് ഇന്‍സെക്ട് കളക്ടര്‍ സുനില്‍കുമാര്‍ എം എന്നിവര്‍ ക്ലാസെടുത്തു. ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ശരണ്യ പ്രദീപ്, ടെക്നിക്കല്‍ അസിസ്റ്റന്റ് ബിമല്‍ ഭൂഷണ്‍ എന്നിവര്‍ സംസരിച്ചു. യോഗത്തില്‍ ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ് നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കാസര്‍കോട്് ജില്ലാ ഡി.വി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ദേശീയ ആരോഗ്യ ദൗത്യം, നെഹ്‌റു കോളേജ് ജന്തുശാസ്ത്ര വിഭാഗം, എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
മലേറിയ പടര്‍ത്തുന്നതില്‍ കൊതുകിന്റെ പങ്ക് കണ്ടെത്തിയ സര്‍ റൊണാള്‍ഡ് റോസിന്റെ സ്മരണയ്ക്കായാണ് ഓഗസ്റ്റ് 20 ലോക കൊതുകു ദിനമായി ആചരിച്ച് വരുന്നത്. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, യെല്ലോ ഫീവര്‍, സിക, മലമ്പനി, മന്ത് എന്നിവയാണ് കൊതുകുകള്‍ പരത്തുന്ന പ്രധാന രോഗങ്ങള്‍. ക്യൂലക്സ് കൊതുകളാണ് മന്ത്, ജപ്പാന്‍ജ്വരം എന്നിവയ്ക്കു കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക, യെല്ലോഫീവര്‍ എന്നിവ പരത്തുന്നു. അനോഫിലസ് കൊതുകാണ് മലമ്പനി (മലേറിയ) രോഗം പരത്തുന്നത്. മാന്‍സോണിയ വിഭാഗത്തില്‍പ്പെട്ട കൊതുകാണ് മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്. ഇത്തരം രോഗങ്ങളെ സംബന്ധിച്ചും രോഗവാഹകരായ കൊതുകുകളെ സംബന്ധിച്ചുമുള്ള അറിവ് രോഗപ്രതിരോധത്തിന് സഹായകമാകുന്നു.
ഇടവിട്ട മഴ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ കൊതുകു പെരുകുവാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നു. കൊതുക് ജന്യ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ വീട്ടിലും പരിസരത്തുമുള്ള കൊതുകു മുട്ടയിട്ടു പെരുകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളും വസ്തുക്കളും ഇല്ലാതാക്കേണ്ടതും കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്. വീട്, ഓഫീസ്, വിദ്യാലയങ്ങള്‍, തോട്ടങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. ഉപയോഗിക്കാത്ത ടോയ്‌ലറ്റുകള്‍ ഇടയ്ക്കിടെ ഫ്ളഷ് ചെയ്യുകയും കിണറുകളും മറ്റ് കുടിവെള്ള സംഭരണികളും കൊതുക് കടക്കാത്ത വിധം സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. വീടിനുള്ളിലെ ചെടിച്ചട്ടികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഫ്രിഡ്ജിന് പുറകിലെ ട്രെ ഇടയ്ക്കിടെ വൃത്തിയാക്കുക. ചെറുകുളങ്ങളിലും ടാങ്കുകളിലും കൂത്താടി ഭോജി മത്സ്യങ്ങളായ ഗപ്പി, ഗംബൂസിയ, മാനത്തുകണ്ണി എന്നിവയെ വളര്‍ത്തുന്നത് കൊതുക് പെരുകുന്നത് തടയുന്നു. കൊതുകുകളുടെ ഉറവിടം നശിപ്പിക്കാനായി വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചയും സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കണം. പൊതുജന പങ്കാളിത്തത്തോടുകൂടി ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.