കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രൊഡക്റ്റ്‌സ് (കെസിസിപി) ലിമിറ്റഡിന്റെ വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ഭാഗമായി കരിന്തളത്ത് ആരംഭിക്കുന്ന നാലാമത്തെ പെട്രോള്‍ പമ്പ് തലയടുക്കത്ത് ഉദ്ഘാടനത്തിന് സജ്ജമായി. ആഗസ്ത് 23ന് രാവിലെ എട്ട് മണി മുതല്‍ ട്രയല്‍ വില്‍പന ആരംഭിക്കും. ആഗസ്ത് അവസാന വാരം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യും.
പൊതുമേഖലയില്‍ വളര്‍ച്ചയും വൈവിദ്ധ്യവല്‍ക്കരണവും ലക്ഷ്യമിട്ട്, വിവിധ മേഖലകളിലേക്കുള്ള കെസിസിപിയുടെ മുന്നേറ്റത്തിന്റെ ഭാഗമായാണ് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. പെട്രോള്‍ പമ്പ് യാഥാര്‍ത്ഥ്യമാകുന്നതോടെ കരിന്തളത്തെയും പരിസര പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ഇത് വളരെ പ്രയോജനകരമാകും.. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ മായി സഹകരിച്ച് സംയുക്ത സംരംഭമാണിത്. ബി.പി.സി.എല്‍ ഒരു കോടി രൂപയും കമ്പനി 75 ലക്ഷം രൂപയും ഇതില്‍ മുതല്‍മുടക്കുന്നു. കമ്പനിയുടെ സ്ഥലത്ത് ആരംഭിക്കുന്ന പമ്പില്‍ ഏകദേശം 15 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാന്‍ കഴിയും. പെട്രോള്‍ – ഡീസല്‍ വില്‍പ്പനക്ക് പുറമേ ഓയില്‍ ചെയ്ഞ്ച്, ഫ്രീ എയര്‍ സര്‍വ്വീസ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഭാവിയില്‍ സി.എന്‍ജിയും ഇചാര്‍ജിംഗ് സ്റ്റേഷനും സ്ഥാപിക്കുമെന്ന് കെസിസി പി എല്‍ ചെയര്‍മാന്‍ ടി.വി. രാജേഷും മാനേജിംഗ് ഡയരക്ടര്‍ ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു. പെട്രോള്‍ പമ്പിനോടു ചേര്‍ന്ന് യാത്രക്കാര്‍ക്ക് അത്യാവശ്യമുള്ള റസ്റ്റ് ഷെല്‍ട്ടര്‍, റിഫ്രഷ്മെന്റ് സെന്റര്‍, സ്റ്റോര്‍ എന്നീ സൗര്യങ്ങളും ഒരുക്കും.