അടൂര്‍: ദിവ്യദൃഷ്ടിയുണ്ടെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പ് കടമ്പനാടുള്ള വയോധികരായ ദമ്പതികളില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്തു. 54 കാരിയായ സ്ത്രീ സമാന കേസില്‍ വീണ്ടും അറസ്റ്റില്‍. അടൂര്‍ പള്ളിക്കല്‍ ചേന്നം പുത്തൂര്‍ ഭാഗം തുളസീഭവനില്‍ 54 കാരിയായ തുളസി ആണ് വീണ്ടും അറസ്റ്റിലായത്. തെങ്ങമം സ്വദേശി മായാദേവിയുടെ പരാതിയിലാണ് അടൂര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച തുളസിയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മായാദേവി അടൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
2025 ജനുവരിയിലാണ് മായാദേവി കബളിപ്പിക്കപ്പെട്ടത്. മായാദേവിയുടെ വീട്ടിലെത്തിയ തുളസി, തനിക്ക് ദിവ്യദൃഷ്ടിയുണ്ടെന്നും മകന് ജീവഹാനി ഉണ്ടാകുമെന്നും പറഞ്ഞ് ഭയപ്പെടുത്തി. തുടര്‍ന്ന് ഒരു പവന്റെ മാല, ആറ് ഗ്രാം വരുന്ന രണ്ട് സ്വര്‍ണ കമ്മല്‍ എന്നിവ മായാദേവിയില്‍ നിന്നും കൈക്കലാക്കി തുളസി കടന്നുകളയുകയായിരുന്നു .
അടൂര്‍ ഡി.വൈ.എസ്പി ജി. സന്തോഷ് കുമാര്‍, എസ്.എച്ച്.ഒ ശ്യാം മുരളി, എസ്.ഐ നകുലരാജന്‍, എസ്.സി.പി ഒ.ബി. മുജീബ്, ആര്‍. രാജഗോപാല്‍, ആതിര വിജയ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.