രാജപുരം: ജി എച്ച് എസ് എസ് ബളാന്തോട് 79-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പതാക ഉയര്‍ത്തി പ്രിന്‍സിപ്പാള്‍ എം ഗോവിന്ദന്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്‌കൗട്ട് & ഗൈഡ്‌സ്,എസ് പി സി, ജെ ആര്‍ സി, ലിറ്റില്‍ കൈറ്റ്‌സ് തുടങ്ങി സ്‌കൂളിലെ വിവിധ ക്ലബുകള്‍ അണിനിരന്ന സ്വാതന്ത്ര്യ ദിന പരേഡും നേഴ്‌സറി കുട്ടികളടക്കം അണിനിരന്ന റാലിയും നടന്നു.പനത്തടി ടൗണില്‍ പൊതു സമൂഹത്തിന് മുന്നില്‍ ദേശമഹത്ത്വം ഉദ്‌ഘോഷിക്കുന്ന ഫ്‌ലാഷ് മോബ് ചടുലമായ ചുവടുകള്‍ വെച്ച് കുട്ടികള്‍ ആകര്‍ഷകമാക്കി. സ്‌കൂള്‍ കൗണ്‍സിലര്‍ സൗമ്യ സിറിയക്ക് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ സംഗീത അധ്യാപിക രേവതി സജ്ജമാക്കിയ 32 കുട്ടികള്‍ അണിനിരന്ന ദേശഭക്തിഗാനം ഹൃദയഹാരിയായിരുന്നു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പൊതുപരിപാടിയില്‍ മുഖ്യാതിഥി ഇന്ത്യന്‍ കരസേനയില്‍ നിന്നും വിരമിച്ച ‘ജീവിച്ചിരിക്കുന്ന കാര്‍ഗില്‍ രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹവില്‍ദാര്‍ ജോണി മാത്യു തന്റെ ത്യാഗോജ്ജ്വലമായയുദ്ധ കാലാനുഭവങ്ങള്‍ പങ്കുവെച്ചു. പിടി എ പ്രസിഡന്റ് കെ. എന്‍ വേണു അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍, എസ് എം.സി ചെയര്‍മാന്‍ എം.സി മാധവന്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എസ് എം.സാജു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എം. ഗോവിന്ദന്‍ സ്വാഗതവും സ്‌കൂള്‍ പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍ ബിജു മല്ലപ്പള്ളി നന്ദിയും പറഞ്ഞു.