കാഞ്ഞങ്ങാട്: കേരള സഹകരണ ക്ഷേമ വികസന ബോര്‍ഡ് നടപ്പിലാക്കിയിട്ടുള്ള കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി പ്രകാരം കാസര്‍കോട് ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫയല്‍ അദാത്തിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടത്തിയ റിസ്‌ക് ഫണ്ട് ധനസഹായ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം കേരള സഹകരണം, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിച്ചു. സാധാരണ ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഒരു അത്താണിയാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ എന്ന് മന്ത്രി പറഞ്ഞു.
എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബോര്‍ഡില്‍ ലഭ്യമായ അപേക്ഷകള്‍ പരിശോധിച്ചു അര്‍ഹതയുള്ള 631 അപേക്ഷകളില്‍ ആയി ആകെ 4,07,56,899 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. ഉദുമ എം.എല്‍.എ
സി.എച്ച്.കുഞ്ഞമ്പു, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി.സുജാത, കേരള ബാങ്ക് ബോര്‍ഡ് മെമ്പറും പി.എ.സി.എസ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടുമായ സാബു എബ്രഹാം, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി. മണിമോഹന്‍, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍ ) ഇന്‍ ചാര്‍ജ് വി.ചന്ദ്രന്‍, ജില്ലാ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ്) ടി. എം. മാത്യു, കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി കെ. വി. വിശ്വന്‍,കേരള ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് സി. ഇ.ജയന്‍, കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ബി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ബോര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ കെ. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എയും ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി. കെ. ശശീന്ദ്രന്‍ സ്വാഗതവും കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് അംഗം എന്‍. എം. മോഹനന്‍ നന്ദിയും പറഞ്ഞു.
കാസര്‍ഗോഡ് താലൂക്കില്‍ നിന്നുള്ള 116 അപേക്ഷകളില്‍ നിന്നായി 76,60,354 രൂപയും ഹൊസ്ദുര്‍ഗ്ഗ് താലൂക്കില്‍ നിന്നുള്ള 236 അപേക്ഷകളിലായി 1,41,00,270 രൂപയും വെള്ളരിക്കുണ്ട് താലൂക്കില്‍ നിന്നുള്ള 180 അപേക്ഷകളിലായി1,05,52, 257 രൂപയും മഞ്ചേശ്വരം താലൂക്കില്‍ നിന്നുള്ള 68 അപേക്ഷകളിലായി47.65,431 രൂപയും കേരള ബാങ്കില്‍ നിന്നുള്ള 31 അപേക്ഷകളിലായി 36,78,587 രൂപയും ഉള്‍പ്പെടെ ആകെ 631 അപേക്ഷകളിലായി 4,07,56,899 രൂപയാണ് അനുവദിച്ചത്.
നിലവിലുള്ള റിസ്‌ക് ഫണ്ട് നിയമാവലി പ്രകാരം സംസ്ഥാനത്തെ സഹകരണ ബാങ്ക്/ സംഘങ്ങളില്‍ നിന്നും വായ്‌പെടുത്ത വായ്പക്കാരന്‍ വായ്പ കാലാവധിയിലോ വായ്പ കാലാവധി കഴിഞ്ഞ് ആറുമാസത്തിനുള്ളിലോ മരണപ്പെടുകയാണെങ്കില്‍ മരണപ്പെട്ട തീയതിയിലെ വായ്പ ബാക്കി നില്‍പ്പു മുതല്‍ തുകയില്‍ പരമാവധി മൂന്നുലക്ഷം രൂപ വരെ മരണാനന്തര സഹായമായി വരെ അനുവദിച്ചിട്ടുണ്ട്. വായ്പ എടുത്തശേഷം വായ്പ കാലയളവിനുള്ളില്‍ മാരക രോഗം ബാധിക്കുകയും വായ്പ ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയാതെ വരുന്നതുമായ വായ്പക്കാര്‍ക്ക് വായ്പ ബാക്കി നില്‍പ്പു മുതലിനത്തില്‍ ചികിത്സാധന സഹായമായി പരമാവധി ഒരു ലക്ഷത്തി 25,000 രൂപ വരെ അനുവദിച്ചിട്ടുണ്ട്. ഒരു വായ്പക്കാരന്‍ ഒരു സഹകരണ സംഘത്തില്‍ നിന്നോ വിവിധ സഹകരണ സംഘങ്ങളില്‍ നിന്നോ എടുത്തിട്ടുള്ള റിസ്‌ക് ഫണ്ട് വിഹിതം അടവാക്കിയിട്ടുള്ള എല്ലാ വായ്പകളിലും കൂടി മുതല്‍ തുകയില്‍ പരമാവധി 6 ലക്ഷം രൂപ വരെ ധനസഹായം അനുവദിച്ചിട്ടുണ്ട്.
2008ല്‍ റിസ്‌ക് ഫണ്ട് പദ്ധതി ആരംഭിച്ചത് മുതല്‍ നാളിതുവരെ 1,24,365 വായ്പകളിലായി 991.29 കോടി രൂപയുടെ റിസ്‌ക് ഫണ്ട് മരണാനന്തര ചികിത്സ ധനസഹായം ബോര്‍ഡില്‍ നിന്നും അനുവദിച്ചു നല്‍കിയിട്ടുണ്ട്. നിലവിലെ ഭരണസമിതി ചുമതലയേറ്റ ശേഷം നാളിതുവരെ ആകെ 47,270 വായ്പിളിലായി 431.03 കോടി രൂപയുടെ റിസ്‌ക് ഫണ്ട് മരണാനന്തര/ ചികിത്സ ധനസഹായം അനുവദിച്ചു നല്‍കിയിട്ടുണ്ട്.
ആതുരര്‍ക്കും ആശ്രിതര്‍ക്കും ആശ്വാസം, സംഘങ്ങള്‍ക്ക് പരിരക്ഷ എന്നതാണ് ബോര്‍ഡിന്റെ പദ്ധതികളുടെ ആപ്തവാക്യം. അപ്രകാരം സഹകാരികള്‍ക്ക് ആശ്വാസവും സംഘങ്ങള്‍ക്ക് പരിരക്ഷയും നല്‍കുന്നതിനുള്ള പ്രവര്‍ത്തനമാണ് ബോര്‍ഡ് നടപ്പിലാക്കി വരുന്നത്.