ലോക തദ്ദേശീയ ദിനമായ ഓഗസ്റ്റ് ഒമ്പത് വിവിധ ജില്ലകളിലെ വൈവിധ്യങ്ങളായ ഗോത്രകലാരൂപങ്ങളുടെ സംഗമസ്ഥാനമായി കുറ്റിക്കോല്‍ ഗ്രാമം. അന്യം നിന്ന് പോകുന്ന ഇത്തരം കലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാന മിഷന്‍ നടപ്പിലാക്കുന്ന ജനഗല്‍സ പദ്ധതിയുടെ ഭാഗമായാണ് അഞ്ച് ജില്ലകളിലെ കലകാരന്മാര്‍ രണ്ട് ദിവസങ്ങളിലായി കാസര്‍കോട് ജില്ലയിലെ കുറ്റിക്കോലില്‍ ഒത്തുച്ചേര്‍ന്നത്.
പാളത്തൊപ്പിയണിഞ്ഞ സ്ത്രീകളുടെ സംഘം ജനഗല്‍സ വേദിയില്‍ കൊറഗ നൃത്തത്തിന്റെ ചുവടുകള്‍ വെച്ചപ്പോള്‍ സദസ്സിന് വ്യത്യസ്തമായ അനുഭവമാണ് പകര്‍ന്നത്. ഉന്നതികളിലെ പരിമിതമായ ചുറ്റുപാടുകളില്‍ മാത്രം ഒതുങ്ങി തങ്ങളുടെ ആഘോഷങ്ങളുടെയും ആചാരാനുഷ്ടാനങ്ങളുടെയും ഭാഗമായിരുന്ന കലാരൂപം കുടുംബശ്രീയിലൂടെ സംസ്ഥാനം ഏറ്റെടുത്തതിന്റെ സന്തോഷവും പങ്കുവെച്ചു കലാകാരന്മാര്‍.
കൊറഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ചടുലമായ നൃത്ത ചുവടുകള്‍ വെച്ചപ്പോള്‍ കാസര്‍കോടിന്റെ തനത് നൃത്തത്തിന്റെ സൗന്ദര്യം ആസ്വാദകരിലേക്കെത്തി. കൊറഗ ഭാഷയില്‍ പാട്ടിന്റെ ശീലുകള്‍ കൂടി ഒത്തുചേര്‍ന്നതോടെ കൊറഗ നൃത്തം കാണികളുടെ മനം കവര്‍ന്നു. പുലിക്കുന്നില്‍ നിന്നുമുള്ള സഞ്ജീവ സംഘമാണ് കൊറഗ നൃത്തം അവതരിപ്പിച്ചത്.
ജില്ലയിലെ പ്രത്യേക ഗോത്രവര്‍ഗ്ഗമായ കൊറഗ സമുദായത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ് കൊറഗ നൃത്തം. കാത് കുത്ത്, കല്ല്യാണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഈ നൃത്തരൂപം അരങ്ങേറുന്നത്. കളിക്കാര്‍ വട്ടത്തില്‍ നിന്ന് സവിശേഷ താളക്രമത്തില്‍ വാദ്യങ്ങളുടെ താളത്തിനനുസരിച്ച് വട്ടമിട്ട് കയ്യാംഗ്യത്തോടെ നൃത്തം ചവിട്ടും . താളത്തിന്റെ അവസാനഘട്ടമാകുമ്പോള്‍ നൃത്തത്തിന് ചടുലത കൂടും. താളക്രമം മിക്കവാറും ഒന്നുതന്നെയായിരിക്കും. എന്നാല്‍ ചുവടുവെപ്പുകള്‍ വട്ടത്തിലും കുറുകെയുമുണ്ട്.പ്രായമുള്ളവരാണ് ഇതില്‍ പങ്കെടുക്കുന്നത്. നൃത്തത്തിന്റെ അവസാനഭാഗത്തില്‍ നൃത്തത്തിന് ചുവടുവച്ചവരില്‍ ഏറ്റവും പ്രായം കൂടിയ സ്ത്രീക്ക് താളം കൈകാര്യം ചെയ്തവിരില്‍ ഒരാള്‍ മാലയിട്ട് അനുഗ്രഹിക്കുന്നു.
കൊറഗ നൃത്തത്തിനു പുറമെ കാസര്‍കോട് തദ്ദേശിയ ജനതയുടെ തനത് കലാരൂപങ്ങളായ എരുതുകളി, മംഗലം ക
ളി, കണ്ണൂര്‍ ജില്ലയിലെ തദ്ദേശീയ കലാരൂപമായ കൊക്കമാന്തികളി, വയനാട് ജില്ലയിലെ നടന്‍ കലകളുടെ അവതരണം, കോഴിക്കോട് ജില്ലയില്‍നിന്നുള്ള വട്ടകളി, മലപ്പുറത്തേ ഗുഡിമനെ, പാലക്കാടിന്റെ കൊട്ടുകുഴലും, അട്ടപ്പാടിയില്‍ നിന്നുള്ള ഇരുള നൃത്തം, ഇടുക്കിയിലെ കൊല്ലവയാട്ടം എന്നിവയും അരങ്ങേറി
പാരമ്പര്യ കലാരൂപങ്ങളുടെ അവതരണം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു.