കരുത്തേറിയ സാമ്പത്തിക ഫലത്തോടെ രാജ്യത്തെ ആറാമത്തെ വലിയ സ്വകാര്യ ബാങ്കെന്ന പദവി നേടി ഫെഡറല്‍ ബാങ്ക്

കൊച്ചി : 2025 ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 528640.65 കോടി രൂപയായി ഉയര്‍ന്നു. 1556.29 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ ബാങ്ക് എന്ന സ്ഥാനം ഫെഡറല്‍ ബാങ്കിന് സ്വന്തമായി.

”വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടുള്ള ഞങ്ങളുടെ പ്രവര്‍ത്തനമാതൃകയ്ക്ക് ശക്തിപകരുന്നതാണ് ആദ്യപാദ ഫലങ്ങള്‍. പൊതുവെ വളര്‍ച്ച കുറയാറുള്ള ആദ്യപാദത്തിലും കമേഴ്സ്യല്‍ ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് , ഗോള്‍ഡ് ലോണ്‍ എന്നീ മേഖലകളില്‍ ഞങ്ങള്‍ക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ഫീ ഇന്‍കം നേടാനായി. കാസാ അനുപാതവും തുടര്‍ച്ചയായി മെച്ചപ്പെട്ടു. കാര്‍ഷിക – മൈക്രോ ഫിനാന്‍സ് വായ്പകളില്‍ ഉണ്ടായ കുടിശിക, വായ്പാ ചെലവ് വര്‍ദ്ധിക്കാനും ആസ്തി ഗുണമേന്മയെ ബാധിക്കാനും കാരണമായി. നിലവിലെ പ്രവണതകളുടെ അടിസ്ഥാനത്തില്‍, വരും ദിവസങ്ങളില്‍ തിരിച്ചടവു സുഗമമാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആസൂത്രണം ചെയ്തപ്രകാരം തന്നെ ഞങ്ങളുടെ ഭാവിപദ്ധതികള്‍ പുരോഗമിക്കുന്നതോടെ റിസ്‌കിലും ലാഭക്ഷമതയിലും അച്ചടക്കം പാലിച്ചുകൊണ്ട് രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ച കൈവരിക്കാനാകുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്,” ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെ വി എസ് മണിയന്‍ പറഞ്ഞു.

ബാങ്കിന്റെ മൊത്തം ബിസിനസ് 8.58 ശതമാനം വര്‍ധിച്ച് 528640.65 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 266064.69 കോടി രൂപയായിരുന്ന നിക്ഷേപം 8.03 ശതമാനം വര്‍ദ്ധനവോടെ 287436.31 കോടി രൂപയായി.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 220806.64 കോടി രൂപയില്‍ നിന്ന് 241204.34 കോടി രൂപയായി വര്‍ധിച്ചു. 9.24 ശതമാനമാണ് വളര്‍ച്ചാനിരക്ക്. റീട്ടെയല്‍ വായ്പകള്‍ 15.64 ശതമാനം വര്‍ധിച്ച് 81046.54 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ 30.28 ശതമാനം വര്‍ധിച്ച് 25028 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 4.47 ശതമാനം വര്‍ധിച്ച് 83680.44 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 6.29 ശതമാനം വര്‍ദ്ധിച്ച് 19193.95 കോടി രൂപയിലുമെത്തി.

മൊത്തവരുമാനം 7.64 ശതമാനം വര്‍ധനയോടെ 7799.61 കോടി രൂപയിലെത്തി. 4669.66 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.91 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 1157.64 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.48 ശതമാനമാണിത്. 74.41 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 33994.08 കോടി രൂപയായി വര്‍ധിച്ചു. 16.03 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1591ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2093 എടിഎം / സിഡിഎമ്മുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *