പിഎസ്സി പരീക്ഷാ സമയം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണം : സപര്യ

കാഞ്ഞങ്ങാട് : പിഎസ്സി പരീക്ഷകള്‍ സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 7:15-ന് നടത്തുന്നതും അത് രാവിലെ 7 മണിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കവും ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അധ്യാപകരായ ഇന്‍വിജിലേറ്റര്‍മാര്‍ക്കും വലിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, പരീക്ഷാ സമയം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി ക്രമീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു.

നിലവില്‍ സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ അതിരാവിലെ പരീക്ഷകള്‍ നടത്തുന്നത് ദൂരയാത്ര ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെയും, സ്‌കൂള്‍ അധ്യയനം ആരംഭിക്കുന്നതിന് മുന്‍പ് പരീക്ഷാ ഡ്യൂട്ടിക്ക് എത്തേണ്ടി വരുന്ന അധ്യാപകരെയും ഒരുപോലെ വിഷമത്തിലാക്കുന്നുണ്ട്. രാവിലെ 7 മണിയിലേക്ക് സമയം മാറ്റുന്നത് ഈ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും, ഇത് പരീക്ഷാ നടത്തിപ്പിന്റെ സുഗമമായ ഒഴുക്കിനെ ബാധിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി.

‘പുതിയ തീരുമാനം പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെയും അധ്യാപകരുടെയും ദിനചര്യകളെ താളം തെറ്റിക്കുന്നതാണ്. സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ പരീക്ഷകള്‍ നടത്തുന്നത് ഒഴിവാക്കി, ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരീക്ഷകള്‍ ക്രമീകരിക്കുന്നത് എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമാകും. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മതിയായ യാത്രാ സമയവും തയ്യാറെടുപ്പിനുള്ള സൗകര്യവും നല്‍കുകയും, അധ്യാപകര്‍ക്ക് സ്‌കൂള്‍ അധ്യയനം തടസ്സപ്പെടാതെ പരീക്ഷാ ഡ്യൂട്ടി നിര്‍വഹിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും,’ സപര്യ സാംസ്‌കാരിക സമിതിയുടെ രക്ഷാധികാരിയായ ഡോ. ആര്‍. സി. കരിപ്പത്ത് പറഞ്ഞു. ഈ വിഷയത്തില്‍ യുവജന സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും ഉദ്യോഗാര്‍ത്ഥികളുടെ പക്ഷത്ത് നിന്ന് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സപര്യ ആവശ്യപ്പെട്ടു.

ചടങ്ങില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ആനന്ദകൃഷ്ണന്‍ എടച്ചേരി അദ്ധ്യക്ഷത വഹിച്ചു. സുകുമാരന്‍ പെരിയച്ചൂര്‍ പ്രമേയം അവതരിപ്പിച്ചു. പ്രേമചന്ദ്രന്‍ ചോമ്പാല, ഡോ മുരളീ മോഹനന്‍ കെ വി, പ്രാപ്പൊയില്‍ നാരായണന്‍, അനില്‍കുമാര്‍ പട്ടേന, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, ടി വി സജിത്ത്, ജയകൃഷ്ണന്‍ മാടമന, അജിത്ത് പാട്യം, ഉണ്ണികൃഷ്ണന്‍ അരിക്കത്ത്, രാജാമണി കുഞ്ഞിമംഗലം, ലേഖ കാദംബരി, ദിലീപ് നായര്‍ കുണ്ടാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *