അമ്പലത്തറ: അറിവാണ് ഏറ്റവും നല്ല വെളിച്ചം’ എന്ന സന്ദേശം ഉയര്‍ത്തി കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ അമ്പലത്തറ ജനമൈത്രി പോലീസ് കൊളങ്ങരടി ഉന്നതിയില്‍ നടപ്പിലാക്കുന്ന ‘വെളിച്ചം’ എന്ന പരിപാടിക്ക് തുടക്കമായി. കുഞ്ഞി കൊച്ചി യുവശക്തി ഗ്രന്ഥലയവുമായി സഹകരിച്ചു കൊണ്ടാണ് പരിപാടി നടത്തുന്നത്. കൂടാതെ ഉന്നതിയിലെ ആള്‍ക്കാരെ ബോധവല്‍ക്കരിക്കാന്‍ കോടോം-ബേളൂര്‍ പഞ്ചായത്ത് മഹിളാ സമഖ്യയും ജനമൈത്രി പോലീസിന്റെ കൂടെ സഹകരിക്കുന്നുണ്ട്. എല്ലാ മാസവും ജനമൈത്രി പോലീസ് ഉന്നതിയില്‍ വായിക്കാന്‍ പുസ്തകങ്ങള്‍ എത്തിക്കുകയും, മാസാന്ത്യം വായിച്ച പുസ്തകങ്ങളുടെ അവലോകനം നടത്തുകയും ചെയ്യുന്നതാണ് പരിപാടി. വായന ലഹരിയായി എടുക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തുക എന്നതാണ് ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം അമ്പലത്തറ എസ് എച്ച് ഒ ഷൈന്‍ കെ പി നിര്‍വഹിച്ചു.സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ വിനോദ് കോടോത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഗോപി പി, ഊര് മൂപ്പന്‍ ചന്ദ്രന്‍ വി എന്നിവര്‍ സംസാരിച്ചു. വായന ശാല സെക്രട്ടറി അരവിന്ദന്‍ സ്വാഗതവും മഹിളാ സമഖ്യ കോടോം ബേളൂര്‍ പഞ്ചായത്ത് കോഡിനേറ്റര്‍ രാധ വി നന്ദിയും പറഞ്ഞു.