റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ബീറ്റാ ഗ്രൂപ്പ്; ആന്റാ ബില്‍ഡേഴ്സുമായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു

പ്രസ്തുത പങ്കാളിത്തത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള നിരവധി പദ്ധതികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് 550 കോടി രൂപയുടെ നിലവിലെ മൂല്യനിര്‍ണ്ണയത്തില്‍ ആന്റാ ബില്‍ഡേഴ്സിന്റെ 10% ഓഹരികള്‍ ബീറ്റാ ഗ്രൂപ്പ് ഏറ്റെടുക്കും.

തിരുവനന്തപുരം, ജൂലൈ 21: കമ്മോഡിറ്റികള്‍, ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ആഗോള സാന്നിധ്യമുള്ള തിരുവനന്തപുരം ആസ്ഥാനമായ ബീറ്റാ ഗ്രൂപ്പ്, ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുവെക്കുന്നു. കേരളത്തിലെ പ്രമുഖ നിര്‍മ്മാണ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ആന്റാ ബില്‍ഡേഴ്സുമായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു. വരും വര്‍ഷങ്ങളില്‍ 500 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണ കരാര്‍. കരാറിന്റെ ഭാഗമായി, ബീറ്റാ ഗ്രൂപ്പിനെ ആന്റാ ബില്‍ഡേഴ്സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തും.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍, ബീറ്റാ ഗ്രൂപ്പ് ഡയറക്ടര്‍ രാജ് നാരായണ പിള്ളയും അന്റാ ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കുരുവിള കുര്യനും, കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസിന്റെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഈ പങ്കാളിത്തത്തിലൂടെ, അഞ്ച് പ്രധാന തന്ത്രപരമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംയുക്ത കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുന്നു:

സംയുക്ത മൂലധന സമാഹരണം: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങള്‍ക്കും തന്ത്രപരമായ പങ്കാളിത്തത്തിനുമായി 500 കോടി രൂപ സമാഹരിക്കുക.
അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കല്‍: കേരളത്തിന് പുറമെ ബെംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ഗുരുഗ്രാം തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക.
സാങ്കേതിക മുന്നേറ്റം: അത്യാധുനിക നിര്‍മ്മാണ സാങ്കേതിക വിദ്യകളും സുസ്ഥിര നിര്‍മ്മാണ രീതികളും അവലംബിക്കുക.
അടിസ്ഥാന സൗകര്യ വികസനം: വലിയ തോതിലുള്ളതും ഉയര്‍ന്ന മൂല്യമുള്ളതുമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുക.
സ്മാര്‍ട്ട് & ഗ്രീന്‍ ഇന്നൊവേഷനുകള്‍: സ്മാര്‍ട്ട് സിറ്റി വികസനത്തിലും ഗ്രീന്‍ ബില്‍ഡിംഗ് ഡിസൈനുകളിലും നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
‘ഞങ്ങളുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോ ഭാവിക്ക് അനുയോജ്യമായ വ്യവസായങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്,’ ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രാജ്മോഹന്‍ പിള്ള പറഞ്ഞു. ‘അന്റാ ബില്‍ഡേഴ്സിന്റെ പ്രാദേശിക വിപണിയിലെ ശക്തിയും ഞങ്ങളുടെ ആഗോള കാഴ്ചപ്പാടും ചേരുമ്പോള്‍, സുസ്ഥിരതയ്ക്ക് ഊന്നല്‍ നല്‍കി നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.’

ഈ പങ്കാളിത്തം വഴി കേരളത്തിന് പുറത്ത് ബെംഗളൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ഗുരുഗ്രാം തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരവികസനത്തിലെ പുതിയ പ്രവണതകള്‍ക്ക് അനുസൃതമായി, നൂതന നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും സ്മാര്‍ട്ട്, ഹരിത അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഇരു കൂട്ടരും ഊന്നല്‍ നല്‍കും.

‘വളര്‍ച്ചയുടെയും നൂതനത്വത്തിന്റെയും പുതിയ മാനങ്ങള്‍ തുറക്കുന്ന ഒരു നാഴികക്കല്ലായി ഈ പങ്കാളിത്തം മാറുമെന്ന്,” അന്റാ ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കുരുവിള കുര്യന്‍ അഭിപ്രായപ്പെട്ടു.

കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍, ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രാജ്മോഹന്‍ പിള്ള, ക്ലയിന്റ് അസോസിയേറ്റ്‌സിലെ മധു കുമാര്‍ എന്നിവരും ഇരു സ്ഥാപനങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *