സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡ്; ജില്ലയ്ക്ക് ഇരട്ട നേട്ടം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2023 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയ്ക്ക് അഭിമാനമായി ഇരട്ട നേട്ടം. സംസ്ഥാനത്തെ ഏറ്റവും മികച്ച ബി എം സി യായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബി എം സി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച ഹരിത വിദ്യാലയമായി ജി എഫ് എച്ച് എസ് എസ് ബേക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ജൈവവൈവിധ്യ സംരക്ഷണത്തില്‍ രാജ്യത്ത് തന്നെ മാതൃകയാകുന്ന വിധത്തില്‍ വേറിട്ടതും ശ്രദ്ധേയവുമായ കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത് അവാര്‍ഡിനു അര്‍ഹമായത്. ജില്ലയിലെ മുഴുവന്‍ ബി എം സി കളെയും ശാക്തീകരിക്കുന്നതിനായ് എല്ലാ വര്‍ഷവും ജില്ലാപഞ്ചായത്ത് ബി എം സിയുടെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടികള്‍ നടത്തിവരുന്നു. രാജ്യത്താദ്യമായി ഔദ്യോഗിക വൃക്ഷവും പുഷ്പവും പക്ഷിയും ജീവിയുമുള്ള ജില്ലയായി 2023 ല്‍ കാസര്‍കോടിനെ പ്രഖ്യാപിച്ചിരുന്നു. കാഞ്ഞിരമരം ജില്ലാ വൃക്ഷവുമായും പെരിയ പോളത്താളി ജില്ലാ പുഷ്പമായും വെള്ള വയറന്‍ കടല്‍പ്പരുന്ത് ജില്ല പക്ഷിയായും പാലപ്പൂവന്‍ ആമ ജില്ലാ ജീവിയായും പ്രഖ്യാപിക്കപ്പെട്ടു. .ഈ സ്പീഷീസുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളും നിലവില്‍ നടന്നു വരുന്നു. ഇതോടൊപ്പം ജില്ലയിലെ കാര്‍ഷീക ജൈവവൈവിധ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ആ മേഖലയിലെ ചില സ്പീഷീസുകളെ കൂടി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.2023 മുതല്‍ ജില്ലാതലത്തില്‍ ആദ്യമായി ജൈവവൈവിധ്യ അവാര്‍ഡ് നല്‍കുന്ന ജില്ലാപഞ്ചായത്ത് ബി എം സി എന്ന ഖ്യാതി കൂടി കാസര്‍കോട് നേടിയിരുന്നു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്-ന്റെ സഹകരത്തോടെ ജില്ലാപഞ്ചായത്ത് സ്‌കൂളുകളില്‍ ഫലവൃക്ഷ തോട്ടങ്ങള്‍ തയ്യാറാക്കുന്നതിലേക്ക് നടപ്പിലാക്കിയ മധുരവനം പദ്ധതിയും ശ്രദ്ദേയമായി. തയ്യാറാക്കിയ മധുരവനങ്ങള്‍ വിലയിരുത്തി അവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ച് മികച്ച പ്രവര്‍ത്തനം നടത്തിയ സ്‌കൂളുകള്‍ക്ക് അനുമോദനവും നല്‍കിയിരുന്നു. ജൈവ വൈവിദ്ധ്യങ്ങളാല്‍ സമ്പന്നമായ ജില്ലയുടെ സവിശേഷവും പ്രധാനപ്പെട്ടതുമായ ചെങ്കല്‍ കുന്നുകളുടെ ശോഷണം നാള്‍ക്കുനാള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ലാറ്ററെറ്റ് റിസര്‍വ് ആയ ചെങ്കല്‍ കുന്നിനെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ജില്ലാപഞ്ചായത്ത് ബി എം സിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. പരിസ്ഥിതി പുനസ്ഥാപനത്തില്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത വിവിധ പ്രൊജക്ടുകള്‍ ഈ നേട്ടത്തിന് അര്‍ഹമാക്കി.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഹരിത വിദ്യാലയ നിറവില്‍ ബേക്കല്‍ ജി എഫ് എച്ച് എസ് എസ്
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2023 വര്‍ഷത്തെ മികച്ച ജൈവവൈവിധ്യ സ്‌കൂള്‍ ആയി ബേക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പൈതൃക വാഴ സംരക്ഷണ കേന്ദ്രം എന്ന നിലയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അപൂര്‍വ്വ ഇനങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം വാഴയീനങ്ങളെ സ്‌കൂള്‍ വളപ്പില്‍ സംരക്ഷിക്കുകയും ചെയ്യുന്നതിനു പുറമേ അപൂര്‍വ വൃക്ഷ ഇനങ്ങളെ സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ആയി തുടങ്ങിയ നഴ്‌സറിയിലൂടെ 2500 വൃക്ഷത്തൈകള്‍ വലിയ കൂടകളില്‍ നിര്‍മ്മിച്ച സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്ക് നല്‍കി. ബേക്കല്‍ പുഴയുട തീരത്ത് നാലേക്കറോളം വരുന്ന സ്ഥലത്ത് നടത്തിയ കണ്ടല്‍ത്തുരുത്തുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സ്‌കൂളിന്റെ അവാര്‍ഡിന് മറ്റു കൂട്ടി.നക്ഷത്ര വനത്തിലെ മരങ്ങള്‍ അടക്കം സ്‌കൂളില്‍ അപൂര്‍വ്വയിനം മരത്തൈകള്‍ നട്ട് പരിപാലിക്കുന്നുണ്ട്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *