രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കുടുംബൂരില്‍ താമസിക്കുന്ന സുരേഷ് – രേണുക ദമ്പതികളുടെ രണ്ടര വയസ്സ് പ്രായമുള്ള മകന് ജന്മനാ പാല് കുടിക്കാനോ ആഹാരം കഴിക്കാനോ പറ്റാത്ത അവസ്ഥയിലാണ്. എന്തെങ്കിലും ആഹാരം കൊടുത്താല്‍ സ്വയം വായിലിട്ട് ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ആഹാരം റബ്ബര്‍ സ്പൂണ്‍ ഉപയോഗിച്ച് തൊണ്ടയില്‍ ഒഴിച്ചുകൊടുക്കണം. അതിന് എന്തെങ്കിലും മാറ്റം വന്നാല്‍ ആഹാരം ലങ്‌സിലേക്ക് പോകുന്ന അവസ്ഥയാണ്. അങ്ങനെ സംഭവിച്ചാല്‍ ആഹാരം വലിച്ചെടുക്കാന്‍ മെഷീന്‍ വേണം. ആ ഉപകരണം കൊണ്ട് വലിച്ചെടുക്കാറാണ് പതിവ്. ഈ അവസ്ഥയിലാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. രാത്രിയില്‍ അച്ഛനും അമ്മയും ഉറക്കം കളഞ്ഞു കുഞ്ഞിന്റെ അടുത്തു തന്നെ വേണം. തലചെരിച്ചു വച്ചാല്‍ മൂക്കില്‍ കൂടി നുരയും പതയും വരും, അപ്പോള്‍ ശ്വാസം കിട്ടാതെ കൈ കാലുകള്‍ ഇട്ടടിക്കും. അതിനു പുറമെ മാസത്തില്‍ ഒന്നോ രണ്ടോ തവണ പനിയും വരാറുണ്ട്. അപ്പോള്‍ തന്നെ മംഗലാപുരം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയാണ് പതിവ്. ഡിസ്ചാര്‍ജ് ആയി ഇറങ്ങുമ്പോള്‍ ഒന്ന് ഒന്നര ലക്ഷത്തിലധികം രൂപ ചിലവാകാറുണ്ട്. കൂടാതെ കുഞ്ഞിന്റെ ആഹാരത്തിനും മരുന്നിനും ഒരു ദിവസത്തെ ചിലവ് 5000 രൂപയോളം വരും. ഇതെല്ലാം താങ്ങാന്‍ ഈ ചെറിയ കുടുംബം വളരെ പ്രയാസപ്പെടുകയാണ്. ആകെയുള്ള സ്ഥലവും കിടപ്പാടവും വിറ്റു.
ചികിത്സക്ക് കഷ്ടപ്പെടുന്ന ഈ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന്‍ ചെയര്‍മാനും, വിജയന്‍ ടി ചെറിയകടവ് കണ്‍വീനറും, വാര്‍ഡ് മെമ്പര്‍ സബിത വി ട്രഷററും ആയി വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാ നല്ലവരായ നാട്ടുകാരും സാമൂഹ്യ – രാഷ്ട്രീയ നേതാക്കളും സഹകരിച്ച് ഈ കുട്ടിയുടെ അസുഖത്തെ ചികില്‍സിച്ച് ഭേദമാക്കുന്നതിനു ആവശ്യമായ തുക കണ്ടെത്തുന്നതിനു എല്ലാവരുടെയും കഴിവിന്റെ പരമാവധി സഹായിക്കണമെന്ന് കമ്മിറ്റി അറിയിച്ചു.