2.3 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്‌സൈസ് പിടികൂടി. അസം സ്വദേശി നൂര്‍ ഹുസൈന്‍ (39) എന്നയാളാണ് എക്‌സൈസിന്റെയും റെയില്‍വേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 2.3 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അജീഷ്, സുജീഷ്, ബാസിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സദാശിവന്‍ എന്നിവരും ഉണ്ടായിരുന്നു.

അതേസമയം മറ്റൊരു സംഭവത്തില്‍ വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ മെത്താംഫിറ്റമിന്‍ പിടികൂടി. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനില്‍ നിന്നാണ് 4.86 ഗ്രാം ലഹരി മരുന്ന് പിടികൂടിയത്. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് മുഷ്രിഫ് (27) ആണ് മയക്കുമരുന്നുമായി ബസില്‍ യാത്ര ചെയ്തത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *