കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ അപമാന പരമാര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പവിത്രന്‍ പൊലീസ് കസ്റ്റഡിയില്‍. വെള്ളരിക്കുണ്ട് പൊലീസാണ് പവിത്രനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ജോലി ചെയ്യുന്ന താലൂക്ക് ഓഫീസില്‍ എത്തിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രഞ്ജിതയ്ക്കെതിരായ അവഹേളന പരാമര്‍ശത്തിന് പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ രഞ്ജിത മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവഹേളനുമായി രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കമന്റില്‍ തീര്‍ത്തും മോശമായ പരാമര്‍ശമായിരുന്നു ഇയാള്‍ നടത്തിയത്. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.