പാലക്കുന്ന്: പാചക വാതക കുഴല്‍ സ്ഥാപിക്കാനുള്ള ജോലിക്കിടെ പാലക്കുന്ന് ടൗണില്‍ രൂപപ്പെട്ട വിള്ളലും തുടര്‍ന്ന് സമനിലം പൊങ്ങി യതും രണ്ട് മാസം പിന്നിട്ടിട്ടും അതേപടി. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൊട്ടു വടക്ക് സംസ്ഥാന പാതയുടെ ഭാഗമായുള്ള നടപ്പാതയിലാണ് ഗൈലിന്റെ പൈപ്പിടല്‍ ജോലിക്കിടെ വിള്ളല്‍ ഉണ്ടായത്. ആ വിള്ളലിലൂടെ പുറത്തേക്കൊഴുകിയ കുഴമ്പു രൂപത്തിലുള്ള ചെളിയില്‍ സ്ത്രീകള്‍ അടക്കം ചിലര്‍ വഴുതി വീണത് വാര്‍ത്തയായി. അടുത്ത ദിവസം തന്നെ ജോലിക്കാര്‍ വന്ന് ചെളിക്കുമ്പാരം മാറ്റി ചുറ്റും മുന്നറിയിപ്പ് നാട കെട്ടി സ്ഥലം വിടുകയായിരുന്നു. കാറ്റിലും മഴയിലും നാട പാറിപ്പോയി. പൈപ്പിടല്‍ ജോലി കോട്ടിക്കുളം ഭാഗത്ത് തുടരുന്നുണ്ടെകിലും പാലക്കുന്നില്‍ വിള്ളല്‍ നികത്താന്‍ ഇനി ആളെത്തുമോ എന്ന ആശങ്കയിലാണ് സമീപത്തെ കച്ചവടക്കാരും കാല്‍നട യാത്രക്കാരും.