കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. അജാനൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെയാണ് തെക്കേപ്പുറം റോയല്‍ റസിഡന്‍സി ഹാളില്‍ വച്ച് വിജയാരവം- 2025 എന്ന പേരില്‍ അനുമോദന പരിപാടി നടത്തിയത്. ഒപ്പം അസാപ്പിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. വിജയാരവം- 2025ന്റെ ഉദ്ഘാടനം ഉദുമ എം.എല്‍.എ സി. എച്ച്. കുഞ്ഞമ്പു നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലക്ഷ്മി തമ്പാന്‍, എ. ദാമോദരന്‍, എം.ജി. പുഷ്പ, അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ടി. ഷൈജു എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് സ്വാഗതവും അസാപ് പ്രോഗ്രാം മാനേജര്‍ എന്‍. കെ. പ്രജിത്ത് നന്ദിയും പറഞ്ഞു.തുടര്‍ന്ന് അസാപ്പിന്റെ നേതൃ ത്വത്തില്‍ നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്യാമ്പില്‍ നിരവധി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും സംബന്ധിച്ചു.