അഭിമാനമായി അഭിരാമി കാര്‍ട്ടൂണ്‍ രചനയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എ ഗ്രേഡ്

പാലക്കുന്നില്‍ കുട്ടി

ജില്ലാ കലോത്സവത്തില്‍ കാര്‍ട്ടൂണ്‍ രചനയില്‍ എ ഗ്രേഡിന്റെ തിളക്കത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ ആത്മവിശ്വാസത്തോടെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അഭിരാമി കൊല്ലത്തേക്ക് വണ്ടികയറിയത്. തച്ചംങ്ങാട് ഗവ. ഹൈസ്‌കൂളില്‍ പത്താംതരത്തില്‍ പഠിക്കുന്ന കെ. വി. അഭിരാമി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രതീക്ഷിച്ചതു പോലെ എ ഗ്രേഡ് വാങ്ങിയാണ് വീട്ടിലേക്ക് മടങ്ങിയത്. തുടര്‍ച്ചയായി രണ്ടു വര്‍ഷവും ജില്ലയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അഭിരാമി സംസ്ഥാന തലത്തിലും അതേ മികവില്‍ എ ഗ്രേഡ് നിലനിര്‍ത്തിയത് നാടിനും വീടിനും സ്‌കൂളിനും അഭിമാനമായി.

കൊല്ലത്ത് നടന്ന മത്സരത്തില്‍ ‘നവവര്‍ഷം പുതുകേരളം’ എന്ന വിഷയത്തിലായിരുന്നു കാര്‍ട്ടൂണ്‍ രചന. രണ്ടര മണിക്കൂറില്‍ അവള്‍ വരച്ചത് എല്ലാവരുടെയും കൈയ്യടി നേടി. സമകാലിക സംഭവങ്ങള്‍ പരിപൂര്‍ണമായും മനസിലേക്ക് ആവാഹിച്ച്, അതിന് നര്‍മത്തിന്റെ എരിവും പുളിയും മധുരവും ചേര്‍ത്ത് വരയ്ക്കാന്‍ ഏറെ മിടുക്കിയാണവള്‍. അവള്‍ വരച്ച ഒട്ടേറെ കാര്‍ട്ടൂണുകള്‍ കണ്ടപ്പോള്‍ ഈ കൊച്ചുമിടുമിടുക്കി ഭാവിയിലെ അറിയപ്പെടുന്ന ‘വനിതാ കാര്‍ട്ടൂണിസ്റ്റാ’യി ഉയരുമെന്ന് സംശയലേശമന്യേ പറയാന്‍ സാധിക്കും. കോവിഡ് കാലതു 2023ല്‍ കോഴിക്കോട് നടന്ന കലോത്സവത്തിലും ഇപ്പോള്‍ കൊല്ലത്തും മകള്‍ എ ഗ്രേഡ് വാങ്ങി വന്ന ആഹ്ലാദത്തിലാണ് കുതിരക്കോട് അമ്പാടി നിലയത്തില്‍ അച്ഛന്‍ അമ്പുജാക്ഷനും (ന്യൂ ഇന്ത്യ ഗ്ലാസ് ഏജന്‍സി, കാഞ്ഞങ്ങാട്) അമ്മ ഭാരതിയും. സഹോദരന്‍ അഭിഷേക് ബംഗ്ലൂരില്‍ സി. എ. യ്ക്ക് പഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *