മടിയന്‍ കൂലോം അകത്തെ കലശം: മണാളന്‍,മണാട്ടി, മാഞ്ഞാളി അമ്മ തെയ്യക്കോലങ്ങള്‍ നിറഞ്ഞാടി.

കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മടിയന്‍ കൂലോം കലശ മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി അകത്തെ കലശം നടന്നു. കിഴക്കും കര ഇളയിടത്ത് കുതിര് ശ്രീ പുള്ളിക്കരിങ്കാളിയ മ്മ ദേവസ്ഥാനത്തിലെ കലശ തട്ടും പൂക്കളും എഴുന്നള്ളിച്ചു കൊണ്ടുള്ള കാഴ്ച സംഘം എത്തിച്ചേര്‍ന്നതോടെ മഴയുടെ പശ്ചാത്തലത്തില്‍ അകത്തെ കലശത്തിന് കേളികൊട്ട് ഉയര്‍ന്നു. തുടര്‍ന്ന് അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ വരുന്ന അടോ ട്ട് കളരിയില്‍ നിന്നും മധുരക്കാട് വയലില്‍ നിന്നും കലശ തട്ടും കലശ പാത്രവും പൂക്കളുമായി ഇരു സംഘങ്ങളും എത്തിച്ചേര്‍ന്നതോടെ അണിയറയില്‍ തെയ്യ കോലങ്ങള്‍ അണിഞ്ഞൊരുങ്ങി. ക്ഷേത്ര തിരുനടയില്‍ ആദ്യം എത്തിച്ചേര്‍ന്നത് മണാളനും മണാട്ടിയും തെയ്യ കോലങ്ങളാണ്. ഇവര്‍ ക്ഷേത്ര തിരുനടയില്‍ നിറഞ്ഞാടി വലംവച്ച് ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കി അരങ്ങൊഴിഞ്ഞതോടെ മാഞ്ഞാളി അമ്മ ക്ഷേത്ര തിരു സന്നിധിയില്‍ എത്തിച്ചേ ര്‍ന്നു. മാഞ്ഞാളിയമ്മ തിരുമുടിയേറ്റിയതോടെ മൂന്ന് കലശ ങ്ങളും തലയിലേന്തി ഭക്തജനങ്ങളുടെ ആയം മൂളലോടെ അകത്തെ കലശ മഹോത്സവത്തിന്റെ പ്രൗഡി വിളിച്ചോതിക്കൊണ്ട് കലശങ്ങളുടെ വലം വെപ്പ് കാഴ്ച ഏറെ മനോഹരമായിരുന്നു. മാഞ്ഞാളിയമ്മ തെയ്യക്കോലം ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നേരിയ മഴയുടെ പശ്ചാത്തലത്തില്‍ തിരു നര്‍ത്തനം ചെയ്ത് ക്ഷേത്രം വലം വച്ച് ഭക്തജനങ്ങള്‍ക്ക് ഐശ്വര്യം പ്രദാനം ചെയ്ത് അരങ്ങൊഴിഞ്ഞതോടെ അകത്തെ കലശത്തിന് പരിസമാപ്തിയായി. ശനിയാഴ്ച വൈകിട്ട് പുറത്തെ കലശം നടക്കും. പുറത്തെ കലശോത്സവത്തില്‍ ക്ഷേത്രപാലകന്‍, കാളരാത്രിയമ്മ, നടയില്‍ ഭഗവതി എന്നീ തെയ്യങ്ങളോടൊപ്പം കിഴക്കുംകര ഇളയിടത്ത് കുതിരിലെ രണ്ട് കലശങ്ങള്‍, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ക്ഷേത്ര പരിധിയില്‍ വരുന്ന അടോ ട്ട് കളരിയില്‍ നിന്നുള്ള ഒരു കലശം, വയലില്‍ നിന്നുള്ള ഒരു കലശം, മടിക്കൈ പെരിയാങ്കോട്ട് തീയര്‍പാലം കളരില്‍ നിന്നുള്ള രണ്ട് കലശങ്ങളും ക്ഷേത്രത്തെ വലം വയ്ക്കും. മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള മീന്‍ കോവ കാഴ്ച വരവും ഇതോടൊപ്പം ഉണ്ടാകും. മടിയന്‍ കൂലോം കലശോത്സവ സമാപനത്തോടെ അള്ളട മുക്കാതം നാട്ടിലെ ഒരു തെയ്യാട്ട കാലത്തിനു കൂടി സമാപനമാ കും.

Leave a Reply

Your email address will not be published. Required fields are marked *