പാലക്കുന്ന് തിരുവക്കോളി സ്വദേശി ഹൃദയാഘാതം മൂലം കപ്പലില്‍ നിന്ന് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം

ഭൗതിക ശരീരം എന്ന് നാട്ടിലെത്തുമെന്ന്
18 ന് ശേഷം അറിയാം

പാലക്കുന്ന്: ജില്ലയില്‍ നിന്ന് ഒരു യുവ നാവികന്‍ കപ്പലില്‍ നിന്ന് മരണപ്പെട്ടതായി വിവരം. ഉദുമ ഉദയമംഗലം പരേതനായ കപ്പല്‍ ജീവനക്കാരന്‍ ചക്ലി കൃഷ്ണന്റെയും സരോജിനിയുടെയും മകന്‍ പാലക്കുന്നിനടുത്ത തിരുവക്കോളി അങ്കക്കളരി ഹൗസില്‍ പ്രശാന്ത് (39) കപ്പലില്‍ നിന്ന് മരണപ്പെട്ടുവെന്നാണ് കമ്പനി വീട്ടുകാരെ അറിയിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പറയപ്പെടുന്നു. മുംബൈയിലെ വില്യംസെന്‍ കമ്പനിയില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രശാന്തിന്റ
ഭാര്യ ലിജിയെ ഇപ്പോഴുള്ള നീലേശ്വരം തൈക്കടപ്പുറം വീട്ടിലെത്തി ദുഃഖ വാര്‍ത്ത അറിയിച്ചത്. ജപ്പാനില്‍ നിന്ന് യു. എസ്. പോര്‍ട്ട് ലക്ഷ്യമിട്ടുള്ള ‘തൈബേക് എക്‌സ്‌പ്ലോറര്‍’ എന്ന എല്‍ പി ജി ( ലിക്യുഫൈട് പെട്രോളിയം ഗ്യാസ്)
കപ്പലില്‍ യാത്രയ്ക്കിടെ ആകസ്മിക മരണമെന്നാണ് സൂചന.എഞ്ചിന്‍ റൂമില്‍ മോട്ടോര്‍മാനായി ഷിഫ്റ്റ് ജോലി ചെയ്യുന്ന പ്രശാന്ത് രാവിലെ 8 ന് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. സമയം പിന്നിട്ടിട്ടും ഡ്യുട്ടിയിലെത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് കാബിനില്‍ മരണപ്പെട്ട നിലയില്‍ കണ്ടതെന്നാണ് വിവരം.
നവംബര്‍ ആദ്യം കപ്പലില്‍ കയറിയ പ്രശാന്ത്, കരാര്‍ വ്യവസ്ഥ അനുസരിച്ച് ഓഗസ്റ്റില്‍ അവധിയില്‍ വരാനിരിക്കെയാണ് അന്ത്യം.
കപ്പല്‍ 18 ന് തീരമണിയുമ്പോള്‍ ഭൗതിക ശരീരം തുറമുഖത്തെത്തിക്കുമെങ്കിലും തുടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. ഓരോ രാജ്യത്തിലെയും നടപടി ക്രമങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് എത്ര ദിവസം എടുക്കുമെന്ന് പറയാനാവില്ല. മക്കള്‍: അന്‍ഷിത( കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് സ്‌കൂള്‍ നാലാം തരം വിദ്യാര്‍ഥിനി),
ഇളയവള്‍ രണ്ടര വയസുകാരി ആഷ്മിക.
സഹോദരങ്ങള്‍: പ്രദിപ് (മര്‍ച്ചന്റ്‌നേവി), പ്രസീത (ഖത്തര്‍).

Leave a Reply

Your email address will not be published. Required fields are marked *