ദേശീയപാത 66 നിര്‍മ്മാണത്തിനിടെ ചെറുവത്തൂര്‍ മട്ടലായി കുന്നില്‍ ഒരു തൊഴിലാളി മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടസ്ഥലം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡി എന്നിവര്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. വീരമല കുന്നും സന്ദര്‍ശിച്ചു. ദേശീയ പാതാ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഉമേഷ് ഘര്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി തഹസില്‍ദാര്‍, നിര്‍മ്മാണ കരാര്‍ കമ്പനി പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
അപകടം തുടരുന്ന സാഹചര്യത്തില്‍ സര്‍വീസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു. ദേശീയപാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാണം തടയരുതെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ വീരമലക്കുന്ന്, മട്ടലായിക്കുന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി അടിയന്തരമായി വിദഗ്ധ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതുവരെ മട്ടലായി കുന്നില്‍ അപകടം നടന്ന സ്ഥലത്ത് പാര്‍ശ്വ റോഡ് നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. അപകട ഭീഷണി നിലനില്‍ക്കുന്ന കുന്നിന്‍ മുകളിലെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനും കലക്ടര്‍ നിര്‍ദേശിച്ചു. കേരള വൈദ്യുതി ബോര്‍ഡിനാണ് നിര്‍ദ്ദേശം നല്‍കിയത്.
ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള തുക നിര്‍മ്മാണ കരാര്‍ കമ്പനിയില്‍ നിന്ന് ലഭ്യമാക്കും. മട്ടലായി കുന്നില്‍ വന്‍ അപകട ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ശ്വ റോഡ് നിര്‍മ്മാണത്തിന് കൂടുതല്‍ ഭൂമി ഏറ്റെടുത്ത് സമീപ റോഡ് നിര്‍മ്മാണം നടത്തണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ഹോസ്ദുര്‍ഗ്ഗ് താഹസില്‍ദാര്‍, എല്‍.എ. എന്‍.എച്ച് തഹസില്‍ദാര്‍, ഫയര്‍ഫോഴ്സ് ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കരാര്‍ നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍, ദേശീയപാത അതോറിറ്റി ലൈസന്‍ ഓഫീസര്‍ തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു.