കെസിഎ പിങ്ക് ടൂര്‍ണ്ണമെന്റ് : വിജയവുമായി ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ആംബര്‍

കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്‌സ് വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ എമറാള്‍ഡിനും ആംബറിനും വിജയം. സാഫയറിനെ 20 റണ്‍സിനാണ് എമറാള്‍ഡ് കീഴടക്കിയത്. രണ്ടാം മല്‌സരത്തില്‍ ആംബര്‍ ഏഴ് റണ്‍സിനാണ് റൂബിയെ തോല്പിച്ചത്.

സാഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാള്‍ഡിന് ക്യാപ്റ്റന്‍ നജ്‌ല നൌഷാദിന്റിയെും സായൂജ്യ സലിലന്റെയും ഉജ്ജ്‌ല്വല ബാറ്റിങ്ങാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എമറാള്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. നജ്‌ലയും സായൂജ്യയും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 92 റണ്‍സ് പിറന്നു. നജ്‌ല 38 പന്തുകളില്‍ നിന്ന് 47 റണ്‍സും സായൂജ്യ 28 പന്തുകളില്‍ നിന്ന് 54 റണ്‍സും നേടി. അഞ്ച് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു സായൂജ്യയുടെ ഇന്നിങ്‌സ്. സാഫയറിന് വേണ്ടി അഭിരാമി പി ബിനു മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാഫയര്‍ ബാറ്റിങ് നിരയില്‍ മനസ്വി പോറ്റിയും അനന്യ പ്രദീപും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. മനസ്വിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് സാഫയറിന് പ്രതീക്ഷ നല്കിയെങ്കിലും അവരുടെ മറുപടി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123ല്‍ അവസാനിച്ചു. മനസ്വി 58 പന്തുകളില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുവശത്ത് റൂബിക്കെതിരെ ഏഴ് റണ്‍സിന്റെ വിജയവുമായി ആംബര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. അന്‍സു സുനിലും ദിയ ഗിരീഷും ചേര്‍ന്ന 57 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ആംബറിന് ഭേദപ്പെട്ട സ്‌കോര്‍ നല്കിയത്. ഇരുവരും 29 റണ്‍സ് വീതം നേടി. എന്നാല്‍ പിന്നീടെത്തിയ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയത് തുടക്കത്തിലെ മുന്‍തൂക്കം നഷ്ടമാക്കി. മികച്ച സ്‌കോര്‍ പ്രതീക്ഷിച്ച ആംബറിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് മാത്രമാണ് നേടാനായത്.റൂബിക്ക് വേണ്ടി അദില മൂന്നും വിനയ സുരേന്ദ്രന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബി ബാറ്റിങ് നിരയില്‍ 37 റണ്‍സെടുത്ത അബിനയും 19 റണ്‍സ് വീതം നേടിയ ക്യാപ്റ്റന്‍ അഖിലയും, ലക്ഷിതയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. മറ്റുള്ളവര്‍ നിറം മങ്ങിയതോടെ റൂബിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 102 റണ്‍സ് മാത്രമാണ് നേടാനായത്.ടൂര്‍ണ്ണമെന്റില്‍ റൂബിയുടെ തുടരെയുള്ള അഞ്ചാം തോല്‍വിയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *