ആര്‍ത്തവസമയത്ത് ഭക്ഷണമുണ്ടാക്കി; യുവതിയെ കൊലപ്പെടുത്തി ഭര്‍തൃവീട്ടുകാര്‍

മുംബൈ: ആര്‍ത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജല്‍ഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. കൊല നടത്തിയെന്ന് സംശയിക്കുന്ന ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്.

ആര്‍ത്തവസമയത്ത് ഭക്ഷണം പാകം ചെയ്യാനായി അടുക്കളയില്‍ എത്തിയ യുവതിയോട് ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും മോശമായി പെരുമാറിയെന്നും പിന്നീട് അതു തര്‍ക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മുന്‍പും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അതിനിടെ, ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. കേസെടുക്കാത്ത പക്ഷം മൃതദേഹം സംസ്‌കരിക്കില്ലെന്ന് വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മരണപ്പെട്ട യുവതിക്ക് 7 വയസ്സുള്ള മകളും 5 വയസ്സുള്ള മകനുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *