തൊടുപുഴ: ഇടുക്കിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന റാപ്പര്‍ വേടന്റെ പരിപാടിക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി പൊലീസ്. ഇടുക്കി വാഴത്തോപ്പ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തു നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള കലാപരിപാടിയിലാണ് ഇന്ന് രാത്രി 7.30 ന് വേടന്‍ പാടുന്നത്. പരമാവധി 8000 പേര്‍ക്ക് മാത്രമാണ് സംഗീതനിശയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സ്ഥല പരിമിതി മൂലമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
അതേസമയം കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ എത്തിയാല്‍ വേദിയിലേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാല്‍ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു. പരിപാടിക്ക് വന്‍ സുരക്ഷാ സന്നാഹവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുന്നൂറിലധികം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. വിവാദങ്ങളില്‍പെട്ടതോടെ സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയ റാപ്പര്‍ വേടന് ഒടുവില്‍ സര്‍ക്കാര്‍ തന്നെ പരിപാടി
നടത്താന്‍ വേദിയൊരുക്കുകയായിരുന്നു. സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയില്‍ പരിപാടി അവതരിപ്പിക്കാന്‍ വേടനെ ക്ഷണിച്ചത്.
പ്രദര്‍ശനത്തിന്റെ ആദ്യ ദിവസമായ കഴിഞ്ഞ മാസം 29നാണ് വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ തലേദിവസം കഞ്ചാവുമായി പിടിയിലാകുകയും മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്നാരോപിച്ച് വനം വകുപ്പ് ജാമ്യമില്ലാ കേസെടുക്കുകയും ചെയ്തതോടെ പരിപാടി റദ്ദാ ക്കുകയായിരുന്നു. എന്നാല്‍, കേസില്‍ വേടനെ വനം വകുപ്പ് വേട്ടയാടുകയാണെന്ന് ആരോപിച്ചുണ്ടായ ജനപിന്തുണയും കേസില്‍ നിന്ന് വനം വകുപ്പ് പിന്നോട്ട് പോയതും വേടനെ പരിപാടിയിലേക്ക് വീണ്ടും ക്ഷണിക്കാന്‍ കാരണമായി. ഇന്ന് നിശ്ചയിച്ചിരുന്ന ആട്ടം കലാസമിതി ആന്‍ഡ് തേക്കിന്‍കാട് മ്യൂസിക് ബാന്‍ഡിന്റെ പരിപാടി മാറ്റിയാണ് വേടന്റെ പരിപാടി ഉള്‍ക്കൊള്ളിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.