പത്തനംതിട്ട: നീറ്റ് പരീക്ഷ എഴുതാനായി വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി എത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കിയതായി ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഏല്‍പ്പിച്ചെങ്കിലും അപേക്ഷിക്കാന്‍ മറന്നുപോയി. ഇത് മറച്ചുവെക്കാനാണ് വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി നല്‍കിയത് എന്നും ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഗ്രീഷ്മ ഈ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ച് നാല് മാസം മാത്രമാണ് ആയിട്ടുള്ളതെന്ന് സ്ഥാപന ഉടമ പൊലീസിനെ അറിയിച്ചു.
തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ഇന്നലെ ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാ ഹാളില്‍വെച്ച് പിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, നെയ്യാറ്റിന്‍കരയിലെ ഒരു കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയാണ് ഹാള്‍ടിക്കറ്റ് എടുത്തു നല്‍കിയതെന്ന് വിദ്യാര്‍ത്ഥിയും അമ്മയും മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിദ്യാര്‍ത്ഥി ആദ്യം ഹാള്‍ടിക്കറ്റില്‍ പരീക്ഷാ സെന്ററായി രേഖപ്പെടുത്തിയിരുന്ന പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് എത്തിയത്. എന്നാല്‍ ആ സ്‌കൂള്‍ നീറ്റ് പരീക്ഷാ സെന്ററായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ തൈക്കാവ് സ്‌കൂളിലെത്തുകയായിരുന്നു. ഹാള്‍ടിക്കറ്റിലെ നമ്പര്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ത്ഥിക്ക് ഇവിടെ പരീക്ഷ ഇല്ലെന്ന് കണ്ടെത്തി. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ തെളിഞ്ഞത് മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരായിരുന്നു. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഒബ്‌സര്‍വറും സ്‌കൂള്‍ അധികൃതരും ഉടന്‍ വിവരം സ്റ്റേറ്റ് കോര്‍ഡിനേറ്ററെ അറിയിച്ചു.
വിദ്യാര്‍ത്ഥിക്ക് അവസരം നഷ്ടപ്പെടാതിരിക്കാന്‍ പരീക്ഷയ്ക്ക് എത്താത്ത ഒരു വിദ്യാര്‍ത്ഥിയുടെ സീറ്റിലിരുന്ന് പരീക്ഷ എഴുതാന്‍ ഒരു മണിക്കൂറോളം അധികൃതര്‍ ആദ്യം അനുവദിച്ചു. എന്നാല്‍, ഹാള്‍ടിക്കറ്റും മറ്റ് രേഖകളും വിശദമായി പരിശോധിച്ചപ്പോഴാണ് ഈ പേരില്‍ ഒരു വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുപോലുമില്ലെന്ന് വ്യക്തമായത്. ഹാള്‍ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയുടെ പേരും, ഡിക്ലറേഷന്‍ ഭാഗത്ത് തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരുമായിരുന്നു. ഈ ഡിക്ലറേഷനിലെ പേരുള്ള വിദ്യാര്‍ത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തിയതോടെ ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഒബ്‌സര്‍വര്‍ പൊലീസില്‍ പരാതി നല്‍കുകയും വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.