പതിനായിരങ്ങള്‍ക്ക് ദര്‍ശന സാഫല്യം; ഉദുമ കുറുക്കന്‍കുന്ന് തെയ്യംകെട്ടിന് സമാപനം

ഉദുമ: അമ്പതാണ്ടിന്റെ കാത്തിരിപ്പിന് ശേഷം തൊണ്ടച്ചന്റെ പാദ സ്പര്‍ശമേറ്റ മണ്ണില്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യം നല്‍കി ഉദുമ കുറുക്കന്‍കുന്ന് വയനാട്ടു കുലവന്‍ തെയ്യംകെട്ടുത്സവത്തിന് മറപിളര്‍ക്കലോടെ ശുഭ സമാപനം. കുലവനെക്കാണാന്‍ പതിനായിരങ്ങള്‍ തറവാട്ടിലെത്തി.

ബുധനാഴ്ച്ച രാത്രി ഉദുമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവിചാരിതമായയെത്തിയ മഴ ബപ്പിടല്‍ ചടങ്ങ് കാണാന്‍ മറക്കളത്തിന് ചുറ്റും കണ്ടനാര്‍കേളന്റെ വരവും കാത്ത് തടിച്ചു കൂടിയ പതിനായിരങ്ങളെയും സംഘാടകരെയും ആശങ്കയിലാഴ്ത്തിയെങ്കിലും തെയ്യംകെട്ട് പറമ്പില്‍ മഴയെത്തിയില്ലെന്നത് അവര്‍ക്ക് വലിയ ആശ്വാസം പകര്‍ന്നു. മറിച്ചായിരുന്നുവെങ്കില്‍ സ്ഥിതി അതീവ ഗുരുതരമായേനെയെന്ന് ഭാരവാഹികളും ജനങ്ങളും ഒന്നടങ്കം പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരമാണ് വയനാട്ടു കുലവന്‍ മറക്കളത്തിലെത്തിയത്. മതമൈത്രി സന്ദേശത്തിന്റെ ഓര്‍മ പുതുക്കുന്ന ബോനം കൊടുക്കലിന് ശേഷം പ്രധാന ചടങ്ങായ ചൂട്ടൊപ്പിക്കലും നടന്നു. ചൂട്ടാട്ട ശേഷം ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ തറവാട്ടുകാരണവര്‍ അനന്തന്‍ നെക്രാമ്പാറയെ ചൂട്ട് ഏല്‍പ്പിച്ചു. പിന്നീടത് പടിഞ്ഞാറ്റയിലെ കൊട്ടിലിനകത്ത് കാലും പലകയില്‍ വെച്ചു.

വിഷ്ണുമൂര്‍ത്തി അരങ്ങിലെത്തിയ ശേഷം രണ്ട് തെയ്യങ്ങളും ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. കൂടിപ്പിരിയലിന് ശേഷം തെയ്യങ്ങള്‍ അരങ്ങൊഴിഞ്ഞു.
തെയ്യം കെട്ടിന് സമാപനം കുറിക്കുന്ന മറ പിളര്‍ക്കലും വിളക്കിലരിയും കൈവീതും കഴിഞ്ഞ് പുരുഷാരം പിരിഞ്ഞതോടെ അമ്പതാണ്ടിന്റെ കാത്തിരിപ്പിന് പരി സമാപ്തിയായി. കലവറ നിറച്ചത് മുതല്‍ അവസാന ദിവസം വരെ 75,000 ത്തിലേറെ പേര്‍ക്ക് കുറ്റമറ്റ രീതിയില്‍ വിഭവ സമൃദ്ധമായ സദ്യ വിളമ്പിയെന്നുത് വലിയ നേട്ടമാണെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. തെയ്യം കെട്ടിന്റെ ഭാഗമായി വെള്ളിയാഴ്ച്ച പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടില്‍ കൂട്ടം അടിയന്തിരവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *