ഇടുക്കിയില്‍ പുതിയ ക്രിക്കറ്റ് അക്കാദമിയുമായി കെ.സി.എ

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ക്രിക്കറ്റ് അക്കാദമികള്‍ നവീകരിക്കുന്നു.എറണാകുളത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

ഇടുക്കിയില്‍ പുതിയ സ്റ്റേറ്റ് ബോയിസ് അക്കാദമി ആരംഭിക്കാനും തീരുമാനമായി. ഈ അക്കാദമി യിലേയ്ക്കുള്ള ജില്ലാതല സെലക്ഷന്‍ മെയ് മാസം ആരംഭിക്കും.

എഴുപത്തി അഞ്ചാം വര്‍ഷം ആഘോഷിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.

കൊല്ലം ഏഴുകോണില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മെയ് മാസം നടക്കും. ഫ്‌ളഡ് ലൈറ്റ് സൗകര്യത്തോടു കൂടിയ തിരുവനന്തപുരം – മംഗലാപുരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം, ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ട് രണ്ടാം ഘട്ട നിര്‍മ്മാണോദ്ഘാടനം എന്നിവ ജൂലൈ മാസം നടക്കും.

വയനാട് വനിതാ അക്കാദമി പുതിയ കെട്ടിട സമുച്ചയം, പാലക്കാട് ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രവുമായി സഹകരിച്ചു സ്‌പോര്‍ട്‌സ് ഹബ്,കോട്ടയം സി.എം.എസ് കോളേജ് ഗ്രൗണ്ട് സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും. പത്തനംതിട്ട, എറണാകുളം, ത്രിശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്റ്റേഡിയം നിര്‍മാണത്തിനുള്ള സ്ഥലങ്ങള്‍ വാങ്ങാനും, സംസ്ഥാന സ്‌പോര്‍ട്‌സ് കൌണ്‍സിലുമായി സഹകരിച്ചു മൂന്നാര്‍ ഹൈ അള്‍ട്ടിട്യൂഡ് സെന്ററില്‍ ക്രിക്കറ്റ് ഉള്‍പ്പടെ മറ്റു കായിക ഇനങ്ങളുടെ ട്രെയിനിങ് സെന്റര്‍ ആരംഭിക്കുവാനുള്ള ചര്‍ച്ചകള്‍ നടത്താനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി

Leave a Reply

Your email address will not be published. Required fields are marked *